ബിൽ സി-3  നിയമമായി, ഇനി ലോസ്റ്റ് കനേഡിയൻസിനും പൌരത്വം

By: 600110 On: Nov 21, 2025, 12:06 PM

 

കാനഡയുടെ പൗരത്വ നിയമത്തിൽ ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തിയ ചില വ്യവസ്ഥകൾ പരിഹരിക്കുന്നതിനുള്ള  ലോസ്റ്റ് കനേഡിയൻസ് നിയമനിർമ്മാണം പൂർത്തിയായി. സെനറ്റ് അംഗീകാരം നൽകുകയും തുടർന്ന് റോയൽ അസ്സൻ്റ് ലഭിക്കുകയും ചെയ്തതോടെയാണ് ഇത് നിയമമായത്.

മറ്റൊരു രാജ്യത്ത് ജനിച്ച കനേഡിയൻ പൗരന്മാരായ മാതാപിതാക്കൾക്ക് വിദേശത്ത് ജനിച്ച കുട്ടികളാണ് ലോസ്റ്റ് കനേഡിയൻസ് എന്നറിയപ്പെടുന്നത്. 2009-ൽ ഫെഡറൽ സർക്കാർ പാസ്സാക്കിയ നിയമം അനുസരിച്ച് വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാർക്ക്, അവരുടെ കുട്ടി കാനഡയിൽ ജനിച്ചാൽ മാത്രമേ പൗരത്വം കൈമാറാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, 2023 ഡിസംബറിൽ ഒൻ്റാരിയോ  സുപ്പീരിയർ കോടതി ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചു. ബിൽ സി-3  എന്നറിയപ്പെടുന്ന പുതിയ നിയമം, കനേഡിയൻ പൗരന്മാരായ മാതാപിതാക്കൾക്ക് വിദേശത്ത് ജനിച്ച കുട്ടികൾക്ക് പൗരത്വം കൈമാറുന്നതിനുള്ള ഫസ്റ്റ്-ജനറേഷൻ ലിമിറ്റ്  നീക്കം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ്.  പുതിയ നിയമം അനുസരിച്ച്   രക്ഷിതാക്കൾ കുട്ടിയുടെ ജനനത്തിന് മുൻപ് കാനഡയിൽ മൂന്ന് വർഷം (1,095 ദിവസം) താമസിച്ചിട്ടുണ്ടെങ്കിൽ, വിദേശത്ത് ജനിക്കുന്ന രണ്ടാം തലമുറയിലെ കുട്ടികൾക്കും പൗരത്വം ലഭിക്കും. ഈ നിയമം ആയിരക്കണക്കിന് ആളുകൾക്ക് കനേഡിയൻ പൗരത്വം നേടുന്നതിനുള്ള അവസരം ഒരുക്കും.

2023 ഡിസംബറിൽ നിലവിലെ നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച കോടതി, ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിന് 2026 ജനുവരി വരെ സമയം നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ബിൽ സി-3 അവതരിപ്പിച്ചത്. നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് സെനറ്റർമാർ ആവശ്യപ്പെട്ടെങ്കിലും, കോടതി നിശ്ചയിച്ച സമയപരിധി പരിഗണിച്ച്, ബിൽ ഭേദഗതികളില്ലാതെ പാസാക്കുകയായിരുന്നു.