അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ കുറ്റസമ്മതത്തിന് തയ്യാറായി ടൊറൻ്റോയിൽ നിന്നുള്ള രണ്ട് ട്രക്ക് ഡ്രൈവർമാർ. ഇഖ്ബാൽ സിങ് വിർക്, രഢ്ജിത് സിങ് റോവൽ എന്നിവരാണ് കൊക്കെയ്ൻ വിതരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കുറ്റസമ്മതത്തിന് തയ്യാറായത്. മുൻ കനേഡിയൻ ഒളിമ്പിക് സ്നോബോർഡർ ആയ റയാൻ വെഡ്ഡിംഗ് നയിക്കുന്ന മയക്കുമരുന്ന് ശൃംഖലയെ ലക്ഷ്യമിട്ടുള്ള പ്രധാന അന്വേഷണത്തിൽ കുറ്റസമ്മത കരാറിൽ ഒപ്പിടുന്ന ആദ്യ കനേഡിയൻ പൗരന്മാരാണ് ഇവർ.
വാണിജ്യ ട്രക്കുകൾ ഉപയോഗിച്ച് കാലിഫോർണിയയിൽ നിന്ന് ഒൻ്റാരിയോയിലേക്ക് വലിയ അളവിൽ കൊക്കെയ്‌നും ഫെൻ്റനൈലുമാണ് ഈ ശൃംഖല കടത്തിക്കൊണ്ടിരുന്നത്. 2024 ഓഗസ്റ്റിൽ ബ്ലൂ വാട്ടർ ബ്രിഡ്ജിൽ വെച്ച് വിർക്കിനെയും റോവലിനെയും പിടികൂടി. ഇവരുടെ ട്രക്കിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ 95 കിലോഗ്രാം കൊക്കെയ്‌നും 20 കിലോഗ്രാം ഹെറോയിനും കണ്ടെത്തി. അതിർത്തി പരിശോധനയ്ക്കിടെ എക്സ്-റേ, മണം പിടിക്കുന്ന നായ എന്നിവ ഉപയോഗിച്ചാണ് യു.എസ് അധികൃതർ ഈ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.
ഇരുവരും കനേഡിയൻ റെസിഡൻസിയുള്ള ഇന്ത്യൻ പൗരന്മാരാണെന്നും, ഇവരുടെ ട്രെയിലർ റോവലുമായി ബന്ധമുള്ള ബ്രാംപ്ടണിലെ ഒരു കമ്പനിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും കുറ്റപത്രം പറയുന്നു. ഇവർക്ക് കുറഞ്ഞത് നാല് കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്നാണ് എഫ്ബിഐ കണ്ടെത്തിയിട്ടുള്ളത്. സിനലോവ കാർട്ടലിൻ്റെ സംരക്ഷണയിൽ മെക്സിക്കോയിൽ ഒളിച്ചിരിക്കുകയാണെന്ന് സംശയിക്കുന്ന വെഡ്ഡിംഗ്, നിലവിൽ എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ്.