ആൽബർട്ടയിലെ ചില ഹൈവേകളിൽ വേഗപരിധി ഉയർത്താനുള്ള നീക്കം ഇൻഷുറൻസ് നിരക്കുകൾ ഉയരാൻ കാരണമായേക്കുമെന്ന് ആശങ്ക

By: 600110 On: Nov 20, 2025, 12:34 PM

ആൽബർട്ടയിലെ തിരഞ്ഞെടുത്ത ഹൈവേകളിൽ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററായി ഉയർത്താനുള്ള സർക്കാർ നിർദ്ദേശം ഉയർന്ന കാർ ഇൻഷുറൻസ് നിരക്കുകൾക്ക് കാരണമായേക്കാമെന്ന് ആശങ്ക . റോഡുകളിലെ വേഗം വർദ്ധിപ്പിക്കുന്നത് കൂടുതൽ ഗുരുതരമായ അപകടങ്ങൾക്കും പരിക്കുകൾക്കും അതുവഴി ഇൻഷുറൻസ് ചെലവുകൾ വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരും ഇൻഷുറൻസ് കമ്പനികളും വിലയിരുത്തുന്നത്. ആൽബർട്ടയിലെ ഹൈവേ 2 പോലുള്ള പ്രധാന പാതകളിൽ മണിക്കൂറിൽ 110 കി.മീറ്ററാണ്  വേഗപരിധി. ഈ മാറ്റത്തെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായമറിയാൻ സർക്കാർ ഒരു സർവേ ആരംഭിച്ചിട്ടുണ്ട്.

അപകടങ്ങളുടെ വർദ്ധനവും ഇൻഷുറൻസ് പ്രീമിയത്തിലെ കുതിപ്പും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് ഇൻഷുറൻസ് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. വേഗപരിധി കൂട്ടിയാൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് റോഡപകടങ്ങൾ വർദ്ധിക്കാനിടയാക്കും. ഇത് ക്ലെയിം തുകകൾ വർദ്ധിക്കാനുള്ള സാധ്യതയും കൂട്ടുന്നു. കാനഡയിൽ ഏറ്റവുമധികം വാഹനാപകട മരണങ്ങളും പരിക്കുകളും റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് ആൽബർട്ട. 2014-ൽ ബ്രിട്ടീഷ് കൊളംബിയ സമാനമായ രീതിയിൽ വേഗപരിധി വർദ്ധിപ്പിച്ചെങ്കിലും അപകടങ്ങൾ കൂടിയതിനെ തുടർന്ന് ആ മാറ്റങ്ങൾ  പിൻവലിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ആൽബർട്ട സർക്കാർ പൈലറ്റ് പ്രോജക്റ്റ് വഴി വാഹനങ്ങളുടെ വേഗതയും ഡ്രൈവിംഗ് രീതിയും നിരീക്ഷിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ