കൊലപാതക കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇന്ത്യക്കാരൻ പോർട്ട് ഓഫ് ബഫല്ലോയിൽ പിടിയിൽ

By: 600110 On: Nov 20, 2025, 12:26 PM

 

കൊലപാതക കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇന്ത്യക്കാരൻ പോർട്ട് ഓഫ് ബഫല്ലോയിൽ പിടിയിൽ. അമേരിക്കൻ അതിർത്തി വഴി കാനഡയിലേക്ക് കടക്കാൻ ശ്രമിക്കവേ ആണ്  വിശത് കുമാറിനെ  യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ന്യൂയോർക്കിലെ ബഫല്ലോയിൽ നിന്ന് ഒൻ്റാരിയോയിലെ ഫോർട്ട് ഈറിയിലേക്ക് പോകുന്ന പീസ് ബ്രിഡ്ജ് അതിർത്തി ക്രോസിംഗിൽ വച്ച് നവംബർ 16-നായിരുന്നു അറസ്റ്റ്.

അന്താരാഷ്ട്ര തലത്തിൽ പിടികിട്ടാപ്പുള്ളിയായ ഇയാൾക്കെതിരെ ഇൻ്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാനഡയിലേക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഇയാളെ യു.എസിലേക്ക് തിരിച്ചയച്ചപ്പോഴാണ് സി.ബി.പി. ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ, ഇയാൾ വ്യാജ പേരും ജനനത്തീയതിയും ഉപയോഗിച്ച് യഥാർത്ഥ വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചു. എന്നാൽ, ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇയാളുടെ യഥാർത്ഥ വ്യക്തിത്വം സ്ഥിരീകരിക്കുകയും ഇന്ത്യയിൽ കൊലപാതക കുറ്റത്തിന് പ്രതിയാണെന്ന് കണ്ടെത്തുകയുമായിരുന്നു.

വിശത് കുമാർ 2024-ൽ നിയമവിരുദ്ധമായി യു.എസിൽ പ്രവേശിച്ചതായും, അഭയം തേടിയുള്ള അഭിമുഖത്തിൽ പങ്കെടുക്കാതെ മുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അറസ്റ്റിന് ശേഷം ഇയാളെ യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റിന് (ICE) കൈമാറി. നിലവിൽ ന്യൂയോർക്കിലെ ഫെഡറൽ ഡിറ്റൻഷൻ ഫെസിലിറ്റിയിൽ അമേരിക്കയിൽ നിന്നുള്ള ഡീപോർട്ടേഷൻ നടപടികൾ നേരിടാൻ കാത്തിരിക്കുകയാണ് ഇദ്ദേഹം. അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിലും അന്താരാഷ്ട്ര കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിലുമുള്ള സി.ബി.പി.യുടെ മറ്റൊരു  വിജയമാണ് ഈ അറസ്റ്റ്.