തീവ്രവാദ സംഘടനയായ ഹമാസുമായി ബന്ധമുള്ള ഏകദേശം 450 ആളുകൾക്ക് കാനഡയിലുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിൽ സാധാരണക്കാർ, രാഷ്ട്രീയ പ്രവർത്തകർ, നേതാക്കൾ, സാമ്പത്തിക ഇടപാടുകാർ തുടങ്ങി വിവിധ പദവിയിലുള്ളവരുണ്ട്.
കാനഡയിൽ ഹമാസ് ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാൽ, അതിൻ്റെ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നത് നിയമവിരുദ്ധമാണ്. കാനഡയ്ക്ക് പുറത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ രാജ്യത്തെ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും, കനേഡിയൻ മണ്ണിൽ ഭീകരാക്രമണ സാധ്യതകൾ തടയാനും ഈ ഹമാസ് ബന്ധമുള്ള വ്യക്തികളെ അടിയന്തിരമായി നേരിടണമെന്ന് സെൻ്റർ ഫോർ ഇസ്രായേൽ ആൻഡ് ജൂയിഷ് അഫയേഴ്‌സ് (CIJA) ആവശ്യപ്പെട്ടു.
ഈ റിപ്പോർട്ട് പ്രകാരം, ഹമാസിലെ ഏറ്റവും മുതിർന്ന കനേഡിയൻ പൗരൻ ലെബനീസ് പൗരത്വം കൂടിയുള്ള 63 വയസ്സുകാരനാണ്. ഇദ്ദേഹം ഉപയോഗിച്ച മൂന്ന് കനേഡിയൻ പാസ്‌പോർട്ടുകൾ 2022-ലെ യു.എസ്. ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സിറിയയിൽ നിന്ന് കാനഡയിലെ വിന്നിപെഗിൽ എത്തിയ ഒമർ അൽ കസ്സാബ് എന്നയാൾ ഹമാസിൻ്റെ ക്രിപ്‌റ്റോകറൻസി പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നുണ്ട്. ഇയാളുടെ ക്രിപ്‌റ്റോ വാലറ്റ് ഇസ്രായേൽ പിടിച്ചെടുത്തതിനെ തുടർന്ന് 2022 മെയിലാണ് കനേഡിയൻ സർക്കാർ അന്വേഷണം ആരംഭിച്ചത്. 2023 ഒക്‌ടോബർ 7-ലെ ആക്രമണത്തിന് ശേഷം ഹമാസിൻ്റെ നിക്ഷേപ വിഭാഗത്തിനും സാമ്പത്തിക ഇടപാടുകാർക്കും എതിരെ യു.എസ്. ട്രഷറി വകുപ്പ് ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.