ഡോക്ടർമാർക്ക് ഒരേ സമയം സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കാൻ അനുമതി നൽകാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ആൽബെർട്ടാ പ്രീമിയർ ഡാനിയേൽ സ്മിത്ത്. ശസ്ത്രക്രിയകൾക്കുള്ള നീണ്ട കാത്തിരിപ്പ് സമയം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു നിശ്ചിത എണ്ണം സർക്കാർ ഫണ്ടിംഗുള്ള ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ശേഷം, സർജൻമാർക്ക് സ്വകാര്യമായി ഇലക്ടീവ് ശസ്ത്രക്രിയകൾ നടത്താൻ അനുവാദമുണ്ടാകും. സ്വകാര്യ ശസ്ത്രക്രിയകൾ കൂടുതലും സാധാരണ ആശുപത്രി സമയത്തിന് മുൻപോ ശേഷമോ ആയിരിക്കും നടക്കുക. ഈ മാറ്റം ഓരോ വർഷവും നടത്തുന്ന ശസ്ത്രക്രിയകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
നിലവിൽ, ഒരു സർജന് പ്രതിവർഷം നടത്താൻ കഴിയുന്ന സർക്കാർ ഫണ്ടിംഗുള്ള ശസ്ത്രക്രിയകളുടെ എണ്ണം ഏകദേശം 1,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ മാറ്റം വഴി പ്രതിവർഷം 200 മുതൽ 300 വരെ അധിക സ്വകാര്യ ശസ്ത്രക്രിയകൾ നടത്താൻ സാധിക്കും. മാത്രമല്ല ആശുപത്രികൾക്ക് കൂടുതൽ അടിയന്തര ശസ്ത്രക്രിയകൾ നടത്താനും ഇത് സഹായിക്കുമെന്ന് സർക്കാർ പറയുന്നു. കൂടുതൽ പേരും ഇതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അധിക ശസ്ത്രക്രിയകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ ജീവനക്കാരുടെ കുറവിനെക്കുറിച്ച് ചില ഡോക്ടർമാർ ആശങ്കപ്പെടുന്നുമുണ്ട്. പണം നൽകുന്നവർക്ക് വേഗത്തിൽ ചികിത്സ ലഭിക്കും വിധം ആരോഗ്യ സംവിധാനത്തെ ഇത് രണ്ട് തട്ടുകളായി വിഭജിക്കുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകുന്നു. പുതിയ സംവിധാനം നിരീക്ഷിക്കുമെന്നും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുമെന്നും സർക്കാർ അറിയിച്ചു.