ആൽബെർട്ടയിലെ ലാബ് സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡൈനലൈഫ് (DynaLife) എന്ന സ്വകാര്യ കമ്പനിയുമായി ബന്ധപ്പട്ട് പ്രവിശ്യ സർക്കാർ സ്വീകരിച്ച നടപടികളെ വിമർശിച്ച് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട്. നികുതിദായകർക്ക് 109 മില്യൺ ഡോളറിൻ്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പരാമർശം ഉള്ളത്.
ആൽബെർട്ടാ ഹെൽത്ത് സർവീസസ് (AHS) താൻ ആവശ്യപ്പെട്ട പല വിവരങ്ങളും നല്കിയില്ലെന്ന് ഓഡിറ്റർ ജനറൽ ഡഗ് വൈലി പറഞ്ഞു. ഡൈനലൈഫിന് ലാബ് സേവനങ്ങൾ കൈമാറ്റം ചെയ്തപ്പോൾ വേണ്ടത് ആസൂത്രണവും റിസ്ക് പരിശോധനകളും നടത്തിയില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സാമ്പത്തികമായി ഗുണകരമായേക്കില്ലെന്ന് അറിയാമായിരുന്നിട്ടും സർക്കാർ മുന്നോട്ട് പോവുകയായിരുന്നു. അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന അഡ്രിയാന ലാഗ്രേഞ്ച് ആണ് ഈ കരാറിന് പിന്തുണ നൽകിയത്. ഡൈനലൈഫിൻ്റെ നടത്തിപ്പിലെ പ്രശ്നങ്ങൾ കാരണം അധിക കാലതാമസവും 77 മില്യൺ ഡോളറിൻ്റെ അധിക ചെലവുകളും ഉണ്ടായി. പരാജയപ്പെട്ട സ്വകാര്യവൽക്കരണം മൂലമുണ്ടായ സേവന തടസ്സങ്ങളും സാമ്പത്തിക ബാധ്യതകളും റിപ്പോർട്ട് എടുത്തു കാണിക്കുന്നുണ്ട്. പൊതുപണം കൂടുതൽ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും വൈലി ശുപാർശ ചെയ്യുന്നു.