വില കുറഞ്ഞതും വലുതുമായ വീടുകൾ തേടി നിരവധി കുടുംബങ്ങൾ ഗ്രേറ്റർ ടൊറൻ്റോ ഏരിയ വിട്ടുപോകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 35,000 കുടുംബങ്ങൾ ജി.ടി.എയിൽ നിന്ന് താമസം മാറിയതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 2,500-ളം കുടുംബങ്ങൾ പുതിയതായി തിരഞ്ഞെടുത്തത് കാൽഗറിയാണ്.
ജി.ടി.എ വിടുവർക്ക് ഒൻ്റാരിയോക്ക് പുറത്തുള്ള ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായി ഇപ്പോൾ കാൽഗറി മാറുകയാണ്. ഈ മാറ്റത്തിന് പ്രധാന കാരണം ടൊറൻ്റോയിലും സമീപ പ്രദേശങ്ങളിലുമുള്ള ഉയർന്ന ഭവനച്ചെലവാണ്. കൂടുതൽ സ്ഥലവും താങ്ങാനാവുന്ന ജീവിതച്ചെലവുകളുമാണ് കുടുംബങ്ങളും യുവജനങ്ങളും ആഗ്രഹിക്കുന്നത്. ജി.ടി.എയുമായി താരതമ്യം ചെയ്യുമ്പോൾ കാൽഗറിയിൽ കുറഞ്ഞ വിലയിലുള്ള വീടുകൾ ലഭ്യമാണ്. നഗരത്തിലെ ഭവന വിലകൾ കുറഞ്ഞുവരുന്നതും വാങ്ങുന്നവരെ ആകർഷിക്കുന്നുണ്ട്. ഒക്ടോബറിൽ കാൽഗറിയിലെ വീടുകളുടെ ബെഞ്ച്മാർക്ക് വില ഏകദേശം $568,000 ആയിരുന്നു. ഇത് മുമ്പത്തേതിനേക്കാൾ കുറവാണ്. പുതിയ ലിസ്റ്റിംഗുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും, കാൽഗറിയിൽ ഇപ്പോഴും ധാരാളം വീടുകൾ ലഭ്യമാണ്.
താങ്ങാനാവുന്ന വീടുകൾ നിർമ്മിച്ചില്ലെങ്കിൽ ആളുകൾ ജിടിഎ വിടുന്ന പ്രവണത ഇനിയും വർദ്ധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ആളുകളുടെ ഈ ഒഴുക്ക് ഇരു പ്രദേശങ്ങളിലെയും ദീർഘകാല വളർച്ചയെയും പ്രാദേശിക ആസൂത്രണത്തെയും ബാധിച്ചേക്കാം.