ക്യൂബെക്കിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും താൽക്കാലിക തൊഴിലാളികൾക്കും സ്ഥിരതാമസം ലഭിക്കുന്നതിനുള്ള അതിവേഗ മാർഗ്ഗമായിരുന്ന പ്രോഗ്രാം ഡെ എക്സ്പീരിയൻസ് ക്യൂബെക്വാസ് (PEQ) പദ്ധതി നവംബർ 19-ന് ഔദ്യോഗികമായി നിർത്തലാക്കുമെന്ന് ക്യൂബെക്ക് സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ ക്യൂബെക്കിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം (PSTQ) മാത്രമായിരിക്കും ഇനി ഏക മാർഗ്ഗം. PEQ പദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ നിരവധി കുടിയേറ്റക്കാരും തൊഴിലാളി യൂണിയനുകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ നീക്കം നിരവധി വിദ്യാർത്ഥികളെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയെന്നാണ് വിമർശകർ ആരോപിക്കുന്നത്.
പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നതോടെ, PEQ വഴി സ്ഥിരതാമസത്തിനായി അപേക്ഷിച്ചവരുടെ ഫയലുകൾ PSTQ യുടെ കർശനമായ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഇനി വിലയിരുത്തുക. ഇത് പല അപേക്ഷകരുടെയും പ്രതീക്ഷകളെ തകർക്കാൻ സാധ്യതയുണ്ട്. കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ എന്ന് സർക്കാർ അറിയിച്ചു. 2026 മുതൽ പ്രതിവർഷം 45,000 സ്ഥിരതാമസക്കാരെ മാത്രം പ്രവേശിപ്പിക്കാനാണ് ക്യൂബെക്ക് ലക്ഷ്യമിടുന്നതെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, PEQ പോലുള്ള എളുപ്പവഴികൾ ഇല്ലാതാക്കുന്നത് ക്യൂബെക്കിന് ആവശ്യമായ കഴിവുള്ള തൊഴിലാളികളെ കിട്ടാതാക്കുമെന്നും ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബിസിനസ്സ് മേഖലയിലുള്ളവർ ആശങ്കപ്പെടുന്നു