കാനഡയിൽ വാഹന മോഷണ ക്ലെയിമുകളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നു. പുതുതായി പുറത്ത് വന്ന ഇൻഷുറൻസ് ഡാറ്റകളിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. ഈ വർഷം ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഇതനുസരിച്ച് ആഢംബര എസ്‌യുവികളും ചില ജനപ്രിയ പിക്ക്-അപ്പ് ട്രക്കുകളുമാണ് മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യം. സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയ പുതിയ മോഡലുകൾ പോലും വൻ തോതിൽ മോഷ്ടിക്കപ്പെടുന്നുണ്ട്. ഇത് വാഹന ഉടമകളെയും ഇൻഷുറൻസ് കമ്പനികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയാണ്.
മോഷണം വർധിക്കുന്നത് കാരണം ഇൻഷുറൻസ് പ്രീമിയങ്ങളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനും അധിക സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാനും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ഹോണ്ട CR-V, ലെക്സസ് RX സീരീസ്, ചില ഫോർഡ് F-സീരീസ് പിക്ക്-അപ്പ് ട്രക്കുകൾ എന്നിവയാണ് മോഷണ ക്ലെയിമുകളിൽ മുൻപന്തിയിൽ നിൽക്കുന്ന മോഡലുകൾ. ഈ വാഹനങ്ങൾക്ക് കാനഡയ്ക്ക് പുറത്തുള്ള അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖലകളിൽ ഉയർന്ന ഡിമാൻഡാണ് ഉള്ളത്. ഇതാണ് മോഷണം വർധിക്കുന്നതിനുള്ള പ്രധാന കാരണം.
അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ വാഹനങ്ങൾ മോഷ്ടിക്കാൻ കഴിവുള്ള സംഘങ്ങൾ രാജ്യത്ത് സജീവമാണെന്നാണ് പോലീസ് നിഗമനം. ഈ പ്രതിസന്ധി പരിഹരിക്കാൻ, സർക്കാരും വാഹന നിർമ്മാതാക്കളും, ഇൻഷുറൻസ് മേഖലയും ഒരുമിച്ച് പ്രവർത്തിച്ച് വാഹന സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുന്നുണ്ട്. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങൾ കണ്ടെത്താനും മോഷ്ടാക്കളെ പിടികൂടാനും കൂടുതൽ വിപുലമായ അന്വേഷണങ്ങൾ നടക്കുകയാണ്.