ഒൻ്റാരിയോയിൽ യുവാക്കളായ പുതിയ ഡ്രൈവർമാർക്ക് ഉയർന്ന ഇൻഷുറൻസ് പ്രീമിയം. ഇതിൽത്തന്നെ പുരുഷന്മാർക്ക് ഇൻഷുറൻസ് തുക ഇനിയും കൂടുതലാണ്. ഇൻഷുറൻസ് കമ്പനികൾ പുതിയ ഡ്രൈവർമാരെ കൂടുതൽ അപകടസാധ്യതയുള്ളവരായി കാണുന്നതിനാലാണ് ഉയർന്ന പ്രീമിയം ഈടാക്കുന്നത്. എങ്കിലും, അനുഭവപരിചയം നേടുന്നതിലൂടെയും സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിലൂടെയും കാലക്രമേണ ഈ ചെലവുകൾ കുറയ്ക്കാൻ സാധിക്കും.
ടൊറൻ്റോയിൽ പുതിയൊരു പുതിയ ഹോണ്ട സിവിക് ഓടിക്കുന്ന 20 വയസ്സുള്ളൊരു പുരുഷന് വർഷം തോറും 13,000 ഡോളറിലധികം ഇൻഷുറൻസിനായി നൽകേണ്ടി വരും. എന്നാൽ ഇതേ കാറും ഡ്രൈവിംഗ് അനുഭവപരിചയവുമുള്ള 20 വയസ്സുള്ളൊരു സ്ത്രീക്ക് ഏകദേശം $9,600 ഡോളർ മാത്രമായിരിക്കും അടയ്‌ക്കേണ്ടി വരിക. അതായത്, പുരുഷന്മാർക്ക് ഏകദേശം $4,000 അധികമായി നൽകണം. പുതിയ ഡ്രൈവർമാർ അപകടങ്ങളിൽപ്പെടാൻ സാധ്യത കൂടുതലായതിനാലാണ് ഇൻഷുറൻസ് ചെലവ് വർദ്ധിക്കുന്നതെന്നാണ് കമ്പനികൾ പറയുന്നത്. 25 വയസ്സിന് താഴെയുള്ള ഡ്രൈവർമാർ അമിത വേഗതയിൽ ഓടിക്കാനും അപകടങ്ങളുണ്ടാക്കാനും സാധ്യത കൂടുതലാണെന്നും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
അനുഭവസമ്പത്ത് നേടുകയും ട്രാഫിക് ടിക്കറ്റുകളും അപകടങ്ങളും ഒഴിവാക്കുകയും ചെയ്യുന്നതാണ് യുവാക്കളായ ഡ്രൈവർമാർക്ക് ഇൻഷുറൻസ് കുറയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗം. സർട്ടിഫൈഡ് ഡ്രൈവർമാരുടെ വിദ്യാഭ്യാസ കോഴ്സുകൾ എടുക്കുന്നത് വഴി പുതിയ ഡ്രൈവർമാർക്ക് ഏകദേശം $2,000 വരെ ലാഭിക്കാം. ഈ കോഴ്സുകൾ ഡ്രൈവിംഗ് പരിചയമായി ഇൻഷുറൻസ് കമ്പനികൾ കണക്കാക്കും. സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ നിരീക്ഷിക്കുന്ന ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് ചില ഇൻഷുറർമാർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓടിക്കുന്ന കാറിന് അനുസരിച്ചും നിരക്കിൽ വ്യത്യാസം വരും. ഹോണ്ട സിവിക്, ടൊയോട്ട കൊറോള, ഹ്യൂണ്ടായ് ട്യൂസോൺ തുടങ്ങിയ സുരക്ഷിതവും മിതമായ വേഗതയുമുള്ള കാറുകൾക്ക് മികച്ച ഇൻഷുറൻസ് നിരക്കുകൾ ലഭിക്കും.