ചികിത്സയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് വീണ്ടും ചർച്ചയാകുന്നു, ആശങ്കയായി കാനഡയിലെ ആരോഗ്യ മേഖല

By: 600110 On: Nov 19, 2025, 9:13 AM

 

ചികിത്സയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാനഡയിൽ വീണ്ടും ചർച്ചയാകുന്നു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ പ്രശ്‌നം മൂലം, ആയിരക്കണക്കിന് രോഗികൾ ചികിത്സ ലഭിക്കാതെ അത്യാഹിത വിഭാഗങ്ങളിൽ നിന്ന് മടങ്ങുകയോ മരിക്കുകയോ ചെയ്യുന്നുണ്ടാകാമെന്ന് നിരീക്ഷകർ പറയുന്നു. വിന്നിപെഗ് സ്വദേശിയായൊരു സ്ത്രീയ്ക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നേരിടേണ്ടി വന്ന നീണ്ട കാത്തിരിപ്പ് കാനഡയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെക്കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തുകയാണ്. ആംബുലൻസിലാണ് അവർ ഗ്രേസ് ഹോസ്പിറ്റലിൽ എത്തിയത്. അഡ്മിറ്റ് ചെയ്യുന്നതിന് മുൻപ് 20 മണിക്കൂറിലധികം അവർക്ക് കാത്തിരിക്കേണ്ടി വന്നു. പിന്നീട് ഡോക്ടർമാരുടെ പരിശോധനയിൽ അവർക്ക് നേരിയ ഹൃദയാഘാതം സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു. അത്യാഹിത വിഭാഗങ്ങളിലും ചികിത്സാ ലിസ്റ്റുകളിലും ഉണ്ടാകുന്ന നീണ്ട കാത്തിരിപ്പ് എത്രത്തോളം അപകടകരമാണെന്ന് ഈ അനുഭവം വ്യക്തമാക്കുന്നുവെന്ന് നിരീക്ഷകർ പറയുന്നു.

ചികിത്സയ്ക്കായി കാത്തിരിക്കുന്നതിനിടെ 74,000-ൽ അധികം കനേഡിയൻ പൗരന്മാരാണ് 2018ന് ശേഷമുള്ള കാലയളഴിൽ മരണപ്പെട്ടത്. ഒരു സമീപകാല റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശം ഉള്ളത്. ശസ്ത്രക്രിയയോ രോഗനിർണയ പരിശോധനകളോ ലഭിക്കുന്നതിനുമുമ്പ് 2023–24 വർഷം മാത്രം കുറഞ്ഞത് 15,474 പേരെങ്കിലും മരിച്ചിട്ടുണ്ട്. കനേഡിയൻ പൗരന്മാർ ഉയർന്ന നികുതി നൽകുമ്പോഴും മറ്റ് രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളെ അപേക്ഷിച്ച് കാനഡയിലേത് മോശം സാഹചര്യമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.