ന്യൂയോര്‍ക്ക് മേയര്‍-ഇലക്ട് മംദാനിയുടെ ടീമിലേക്ക് 50,000-ല്‍ അധികം അപേക്ഷകള്‍!

By: 600002 On: Nov 18, 2025, 6:49 PM



പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ മേയര്‍-ഇലക്ട് സോഹ്‌റാന്‍ മംദാനിയുടെ പുതിയ ഭരണകൂടത്തിലേക്ക് ജോലി തേടുന്നവരില്‍ നിന്ന് വന്‍ ശ്രദ്ധ. ട്രാന്‍സിഷന്‍ പോര്‍ട്ടല്‍ വഴി 50,000-ത്തിലധികം ആളുകളാണ് മംദാനിയുടെ ടീമില്‍ പ്രവര്‍ത്തിക്കാന്‍ അപേക്ഷിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ആളുകള്‍ വിശ്വസിക്കുന്ന ഈ മുന്നേറ്റത്തിന്റെ ആവേശം അപേക്ഷകരുടെ എണ്ണം സൂചിപ്പിക്കുന്നതായി മംദാനി പ്രസ്താവനയില്‍ പറഞ്ഞു.

കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, പോളിസി വിദഗ്ദ്ധര്‍, പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍, ന്യൂയോര്‍ക്കിലെ സാധാരണ തൊഴിലാളികള്‍ എന്നിവരെയാണ് ടീം പ്രധാനമായും തേടുന്നത്. അപേക്ഷകള്‍ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്.

അപേക്ഷകരുടെ ഈ തള്ളിക്കയറ്റത്തിന് പുറമെ, മംദാനിയുടെ ട്രാന്‍സിഷന്‍ കമ്മിറ്റി 30 മണിക്കൂറിനുള്ളില്‍ 7,000-ത്തിലധികം ദാതാക്കളില്‍ നിന്ന് 517,947 ഡോളര്‍ (ഏകദേശം 4.3 കോടി രൂപ) സമാഹരിച്ചു. ഇത് കഴിഞ്ഞ രണ്ട് മേയര്‍മാരുടെ ആദ്യ ടേം ട്രാന്‍സിഷന്‍ ഫണ്ടിംഗിനേക്കാള്‍ കൂടുതലാണ്.