കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ കള്ളപ്പണം വെളുപ്പിക്കൽ പുതിയ രൂപത്തിലെന്ന് റിപ്പോർട്ട്. ക്രിപ്‌റ്റോകറൻസികൾ നേരിട്ട് പണമാക്കി മാറ്റി നൽകുന്ന അനധികൃത 'ക്രിപ്‌റ്റോ ടു കാഷ്' സേവനങ്ങൾ വ്യാപകമാകുന്നതായാണ് റിപ്പോർട്ട്. ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ദീർഘകാലമായി കള്ളപ്പണ ഇടപാടുകൾ കാനഡയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ പേരുവിവരങ്ങൾ വെളിപ്പെടുത്താതെ ക്രിപ്‌റ്റോയെ പണമാക്കി മാറ്റുന്ന പുതിയ സംവിധാനം രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പുതിയ വാതിലുകൾ തുറന്നിരിക്കുകയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സേവനങ്ങൾ നൽകുന്ന എക്സ്ചേഞ്ച് കമ്പനികൾ പലപ്പോഴും മതിയായ രജിസ്ട്രേഷനോ വ്യക്തിഗത വിവരങ്ങൾ പരിശോധിക്കലോ ഇല്ലാതെ ആയിരക്കണക്കിന് ഡോളറിൻ്റെ ഡിജിറ്റൽ കറൻസികൾ വാങ്ങിക്കൂട്ടുകയാണ്. ഇതിലൂടെ രാജ്യത്തെ സാമ്പത്തിക നിയമങ്ങളാണ് അട്ടിമറിക്കപ്പെടുന്നത്.
എല്ലാ സുരക്ഷാ സംവിധാനങ്ങളെയും മറികടക്കുന്നതാണ് ഈ രഹസ്യ ഇടപാടുകൾ. മയക്കുമരുന്ന് മാഫിയ മുതൽ തീവ്രവാദ സംഘടനകൾക്ക് വരെ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ക്രിപ്‌റ്റോകറൻസി വിദേശത്തുള്ള അനധികൃത വാലറ്റുകളിലേക്ക് അയച്ചശേഷം, അതിന് തുല്യമായ പണം രാജ്യത്തിനകത്ത് എവിടെ നിന്നും രഹസ്യമായി കൈപ്പറ്റുകയാണ് ഇവർ ചെയ്യുന്നത്. 1,000 കനേഡിയൻ ഡോളറോ അതിൽ കൂടുതലോ വരുന്ന ക്രിപ്‌റ്റോ ഇടപാടുകൾക്ക്, സ്വീകരിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങളും ഇടപാടിൻ്റെ വിശദാംശങ്ങളും രേഖപ്പെടുത്തണമെന്ന് കാനഡയുടെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ അനുശാസിക്കുന്നുണ്ട്. എന്നാൽ, ഈ നിയമങ്ങളെല്ലാം പല സ്ഥാപനങ്ങളും പരസ്യമായി ലംഘിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ രീതിയിലുള്ള അനിയന്ത്രിത പണകൈമാറ്റം രാജ്യത്ത് കുറ്റകൃത്യങ്ങളുടെ അളവ് വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നും ഇതിനെതിരെ കർശന നടപടി അനിവാര്യമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.