പലസ്തീൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ 37-ാം വാർഷികത്തോടനുബന്ധിച്ച് ടൊറൻ്റോയിൽ പലസ്തീൻ പതാക ഉയർത്തി

By: 600110 On: Nov 18, 2025, 1:38 PM

 

 

 

 

 

 

 

 

 

 

 

കാനഡയിലെ  ടൊറൻ്റോയിൽ, പലസ്തീൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ 37-ാം വാർഷികത്തോടനുബന്ധിച്ച് ആദ്യമായി സിറ്റി ഹാളിന് മുകളിൽ പലസ്തീൻ പതാക ഉയർത്തി. ഇൻ്റർനാഷണൽ സെൻ്റർ ഓഫ് ജസ്റ്റിസ് ഫോർ പലസ്തീനിയൻസ്  (ICJP) നൽകിയ അപേക്ഷയെത്തുടർന്നാണ് ഈ ചരിത്രപരമായ നടപടി. ഈ വർഷം സെപ്റ്റംബറിൽ കാനഡ ഔദ്യോഗികമായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പലസ്തീൻ പതാക ഉയർത്തുന്നതിന് അനുമതി ലഭിച്ചത്.

ടൊറൻ്റോ സിറ്റി ഹാളിന് മുകളിലും , താഴെ നേഥൻ ഫിലിപ്‌സ് സ്‌ക്വയറിലും പതാക ഉയർത്തുന്ന ചടങ്ങ് കാണാൻ നിരവധി പേർ ഒത്തുകൂടി. കാനഡയിലെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിൻ്റെ പ്രതീകാത്മക പ്രദർശനമായി ഇത് മാറി. പതാക ഉയർത്തുന്നതിനെതിരെ, ജൂത സംഘടനയായ തഫ്‌സിക് ഓർഗനൈസേഷൻ (Tafsik Organization)  കോടതിയിൽ ഹർജി നൽകിയെങ്കിലും അത് തള്ളിയിരുന്നു. പലസ്തീൻ പതാക ജൂത സമൂഹത്തിനെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, കോടതി ഈ ഹർജി തള്ളിയതിനെത്തുടർന്നാണ് തിങ്കളാഴ്ച രാവിലെ ചടങ്ങ് നടത്തിയത്.

മിസ്സിസാഗ, ബ്രാംപ്ടൺ, കാൽഗറി തുടങ്ങിയ കാനഡയിലെ മറ്റ് നഗരങ്ങളും പലസ്തീൻ പതാക ഉയർത്തിക്കൊണ്ട് ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ നടപടി തങ്ങൾക്ക് വളരെ സന്തോഷം നൽകുന്നതും ഏറെ വൈകിയെടുത്ത തീരുമാനമാണെന്നും ഐ.സി.ജെ.പി.യുടെ അഭിഭാഷകൻ ഷെയ്ൻ മാർട്ടിനെസ് പ്രതികരിച്ചു.