ആഗോള റാങ്കിങ്ങിൽ കാനഡയുടെ പാസ്പോർട്ടിന് ഒൻപതാം സ്ഥാനം. പ്രശസ്തമായ ഹെൻലി പാസ്‌പോർട്ട് സൂചികയിലാണ് കാനഡയുടെ പാസ്‌പോർട്ട് ഒമ്പതാം സ്ഥാനത്ത് എത്തിയത്. ഇത് വഴി ലോകമെമ്പാടുമുള്ള 183 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവും, വിസ-ഓൺ-അറൈവൽ സൗകര്യവും ലഭിക്കും. സിംഗപ്പൂർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ദക്ഷിണ കൊറിയയും ജപ്പാനുമാണ് തൊട്ടുപിന്നിലുള്ളത്. ഈ വർഷം ആദ്യം കാനഡ ഏഴാം സ്ഥാനത്തായിരുന്നു. അതിൽ നിന്നും നേരിയ ഇടിവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.എങ്കിലും അമേരിക്കയേക്കാൾ ഉയർന്ന റാങ്കിലാണ് കാനഡയുടെ പാസ്‌പോർട്ട് ഇപ്പോഴും ഉള്ളത്. യുഎസ് പാസ്‌പോർട്ട് കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി 12-ാം സ്ഥാനത്തേക്ക് താഴ്ന്നു.
സിംഗപ്പൂർ, ദക്ഷിണ കൊറിയ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ അവരുടെ വിസ രഹിത യാത്രാ ഉടമ്പടികൾ വിപുലീകരിച്ചതാണ് റാങ്കിംഗിലെ ഇടിവിന് ഭാഗികമായി കാരണം. യൂറോപ്പ്, ഏഷ്യ, അമേരിക്കൻ ഭൂഖണ്ഡം എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളുമായുള്ള ശക്തമായ നയതന്ത്ര ബന്ധങ്ങളാണ് കാനഡയ്ക്ക് തുടർന്നും നേട്ടമായത്. യാത്രകൾക്കപ്പുറം ആഗോളതലത്തിൽ വിശ്വാസ്യതയുടെ തെളിവ് കൂടിയാണ് ആഗോള റാങ്കിങ്ങിലെ ഒൻപതാം സ്ഥാനം. മാത്രമല്ല കനേഡിയൻ പൗരന്മാർക്ക് വിനോദസഞ്ചാരം, ബിസിനസ്സ്, കുടുംബ സന്ദർശനങ്ങൾ എന്നിവയ്ക്കായി വേഗത്തിലുള്ള വിസ പ്രോസസ്സിംഗും എളുപ്പമുള്ള യാത്രയും സാധ്യമാകും.ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ്റെ ഡാറ്റ ഉപയോഗിച്ചാണ് ഹെൻലി പാസ്‌പോർട്ട് സൂചിക തയ്യാറാക്കുന്നത്.