പ്രവിശ്യയിലെ മിനിമം വേതനം വർധിപ്പിക്കേണ്ടെന്ന് ആൽബർട്ട സർക്കാർ. മൂന്ന് വർഷത്തേക്ക് ഓരോ വർഷവും മിനിമം വേതനം ഒരു ഡോളർ വീതം കൂട്ടാൻ നിർദ്ദേശിച്ചാണ് കാൽഗറി-മൗണ്ടൻ വ്യൂ എംഎൽഎ ആയ കാത്‌ലീൻ ഗാൻലി ബിൽ അവതരിപ്പിച്ചത്. യുവ തൊഴിലാളികൾക്കുള്ള കുറഞ്ഞ മിനിമം വേതനം ഒഴിവാക്കി മുതിർന്നവർക്ക് ഒപ്പമാക്കാനും, സർവീസ് മേഖലയിലെ തൊഴിലാളികൾക്ക് ടിപ്പുകൾ നിലനിർത്താനും കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ബിൽ.
നിലവിൽ, ആൽബെർട്ടയിലെ മിനിമം വേതനം മണിക്കൂറിന് $15 ആണ്. കാനഡയിലെ ഏറ്റവും കുറഞ്ഞ മിനിമം വേതനമാണ് ഇത്. അവസാനമായി 2018-ലായിരുന്നു ആൽബർട്ട മിനിമം വേതനത്തിൽ വർദ്ധന വരുത്തിയത്. കാനഡയിലെ ഏറ്റവും ഉയർന്ന മിനിമം വേതനം അപ്പോൾ ആൽബെർട്ടയ്ക്കായിരുന്നു. എന്നാൽ ഏഴ് വർഷം കഴിഞ്ഞ സാഹചര്യത്തിൽ വീണ്ടും വർദ്ധന വരുത്തണമെന്ന് ആവശ്യം ഉയർന്നതിനെ തുടർന്നാണ് പുതിയ ബിൽ അവതരിപ്പിച്ചത്. സസ്കാച്ചെവൻ, ഒൻ്റാരിയോ, മാനിറ്റോബ തുടങ്ങിയ മറ്റ് പ്രവിശ്യകൾ അടുത്തിടെ മിനിമം വേതനം ഉയർത്തിയിരുന്നു.
വേതന വർദ്ധന മരവിപ്പിക്കുന്നത് ആൽബെർട്ടയിലെ ഉയരുന്ന ജീവിതച്ചെലവിനെ അവഗണിക്കുന്നതിന് തുല്യമാണെന്ന് കാത്‌ലീൻ ഗാൻലി പറഞ്ഞു. ഏഴ് വർഷമായി വേതനം വർദ്ധിക്കാത്തതിനാൽ ആളുകൾ കഷ്ടപ്പെടുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ തീരുമാനത്തെ ന്യായീകരിച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് രംഗത്തെത്തി. മുൻപ് വേതനം വർദ്ധിപ്പിച്ചപ്പോൾ യുവജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതിന് കാരണമായെന്നാണ് യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി സർക്കാരിൻ്റെ വാദം. എന്നാൽ, വേതന വർദ്ധനവ് കാരണം ഉണ്ടാകുന്ന തൊഴിൽ നഷ്ടം വളരെ ചെറുതായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.