കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലുള്ള കാൽഗറി സിറ്റി ഹാളിൽ ചരിത്രത്തിലാദ്യമായി പലസ്തീൻ പതാക ഉയർത്തിയത് പലസ്തീൻ സമൂഹത്തിന് അഭിമാന നിമിഷമായി. കാനഡ സർക്കാർ പലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചതിനെത്തുടർന്നാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. പലസ്തീൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇത് പ്രതിഷേധത്തിനുവേണ്ടിയല്ല, മറിച്ച് തങ്ങൾ കാൽഗറിയിൽ ഒരു സമുദായമായി അംഗീകരിക്കപ്പെടുന്നു എന്നതിൻ്റെ അടയാളമാണെന്നും, പ്രതീക്ഷയും അഭിമാനവുമാണ് ഈ പതാക ഉയർത്തലെന്നും പലസ്തീൻ സമൂഹത്തിലെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
അതേസമയം, സിറ്റി ഹാളിൽ മറ്റ് രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്ന രീതി അവസാനിപ്പിക്കാൻ നടപടിയെടുക്കുമെന്ന് കാൽഗറി മേയർ ജെറോമി ഫാർക്കാസ് പ്രഖ്യാപിച്ചു. ഇത്തരം ചടങ്ങുകൾ നഗരത്തിൽ ഭിന്നിപ്പും സംഘർഷവും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും സിറ്റി ഹാൾ എല്ലാവർക്കും സുരക്ഷിതവും സ്വാഗതാർഹവുമായ ഇടമായി നിലനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സിറ്റി ഹാളിൽ ഉയർത്തപ്പെടുന്ന അവസാനത്തെ വിദേശ പതാകകളിൽ ഒന്നായേക്കും പലസ്തീൻ്റേത്. ഈ സംഭവത്തിൽ കാൽഗറി ജൂത ഫെഡറേഷൻ ആശങ്ക പ്രകടിപ്പിക്കുകയും, രാഷ്ട്രീയവൽക്കരിക്കപ്പെട്ടതും ഭിന്നിപ്പുണ്ടാക്കുന്നതുമായൊരു സംഭവമാണ് ഇതെന്ന് ആരോപിക്കുകയും ചെയ്തു