റെഡ് മീറ്റ് അലർജിയെ തുടർന്നുള്ള ആൽഫ-ഗാൽ സിൻഡ്രോം ബാധിച്ച് ന്യൂജേഴ്‌സിയിൽ ഒരാൾ മരിച്ചു

By: 600110 On: Nov 17, 2025, 1:23 PM

 

റെഡ് മീറ്റ് അലർജിയെ തുടർന്നുള്ള ആൽഫ-ഗാൽ സിൻഡ്രോം ബാധിച്ച് ന്യൂജേഴ്‌സിയിൽ 71 വയസ്സുള്ളയാൾ മരിച്ചു. ഈ രോഗം ബാധിച്ച ഒരാൾ റെഡ് മീറ്റ്  കഴിക്കുകയാണെങ്കിൽ ഗുരുതരമായ അലർജി പ്രതികരണങ്ങൾ ഉണ്ടാവാം. ജൂലൈ മാസമാണ് ഇദ്ദേഹം മരിച്ചതെങ്കിലും, ഈ മരണം AGS മൂലമാണെന്ന് അടുത്തിടെയാണ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവെൻഷൻ സ്ഥിരീകരിച്ചത്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള ഈ സിൻഡ്രോം, അമേരിക്കൻ ഐക്യനാടുകളിൽ മാത്രം 2022 വരെ 1,10,000 പേരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, രോഗനിർണയം നടത്താത്ത നിരവധി പേർ ഇനിയുമുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ കണക്കാക്കുന്നത്. ലോൺ സ്റ്റാർ ടിക്ക് എന്നറിയപ്പെടുന്ന ചിലയിനം ചെള്ളുകളുടെ കടിയിലൂടെയാണ് AGS ബാധിക്കുന്നത്. ഈ ചെള്ളുകൾ കടിക്കുമ്പോൾ, അവ ഒരു രാസപദാർത്ഥത്തെ മനുഷ്യശരീരത്തിലേക്ക് കടത്തിവിടും. ചുവന്ന മാംസത്തിലും പാലുൽപ്പന്നങ്ങളിലും കാണപ്പെടുന്ന ഒന്നാണ് ഈ രാസപദാർത്ഥം. AGS ബാധിച്ചവർ ഈ മാംസം കഴിക്കുമ്പോൾ, അവരുടെ പ്രതിരോധ സംവിധാനം അതിനെ ഒരു ഫോറിൻ ബോഡിയായി  കണ്ട് പ്രതികരിക്കുകയും, അനാഫൈലക്സിസ് (anaphylaxis) പോലുള്ള ഗുരുതരമായ അലർജി പ്രതികരണങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ഈ അവസ്ഥയ്ക്ക് നിലവിൽ ചികിത്സകളില്ലാത്തതിനാൽ, ചെള്ള് കടി ഒഴിവാക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് ഏറ്റവും പ്രധാനമെന്നും ആരോഗ്യ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു