കാനഡക്കാരായ അച്ഛനും മകളും കാലിഫോർണിയയിലെ കടലിൽ തിരയിൽപെട്ട് മരിച്ചു. അമ്മ രക്ഷപ്പെട്ടു. കാലിഫോർണിയയിലെ Garrapata സ്റ്റേറ്റ് ബീച്ചിൽ വച്ചാണ് കാൽഗറിയിൽനിന്നുള്ള ഒരു കുടുംബം അപകടത്തിൽ പെട്ടത്. ഏഴ് വയസ്സുള്ള മകൾ വലിയൊരു കടൽത്തിരയിൽപ്പെടുകയായിരുന്നു. തിരയിൽപ്പെട്ട 7 വയസ്സുള്ള മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവായ യുജി ഹുവും കടലിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം ഞായറാഴ്ചയാണ് കണ്ടെത്തിയത്. യുജി ഹുവിൻ്റെ ഭാര്യയും ഈ സമയം കടലിൽ അകപ്പെട്ടെങ്കിലും അവർക്ക് നീന്തിക്കയറാൻ സാധിച്ചു. അവർക്ക് ചെറിയ രീതിയിൽ ഹൈപ്പോതെർമിയ അനുഭവപ്പെട്ടു. ദമ്പതികളുടെ രണ്ട് വയസ്സുള്ള രണ്ടാമത്തെ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവം നടന്ന ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ ചേർന്ന് യുജി ഹുവിനെ കടലിൽനിന്ന് പുറത്തെടുത്ത് കൃത്രിമ ശ്വാസം നൽകാൻ ശ്രമിച്ചു. തുടർന്ന് ആശുപത്രിയിൽവെച്ചാണ് യുജി മരിച്ചത്. കുട്ടിയെ കണ്ടെത്താനായി യു.എസ്. കോസ്റ്റ് ഗാർഡ്, കാലിഫോർണിയൻ ഫയർ സർവീസ്, മുങ്ങൽ വിദഗ്ദ്ധർ, ഹെലികോപ്റ്റർ എന്നിവർ ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. അപകടകരമായ തിരമാലകൾക്ക് പേരുകേട്ട പ്രദേശമാണ് Garrapata സ്റ്റേറ്റ് ബീച്ച്.