2025-ലെ ഫെഡറൽ ബജറ്റ് കാൽഗറി–ബാൻഫ് റെയിലിനും നഗരകേന്ദ്രങ്ങളുടെ നവീകരണത്തിനും വഴിയൊരുക്കുമെന്ന് വിലയിരുത്തൽ

By: 600110 On: Nov 17, 2025, 7:49 AM

2025-ലെ ഫെഡറൽ ബജറ്റ് കാൽഗറിബാൻഫ് റെയിലിനും നഗരകേന്ദ്രങ്ങളുടെ നവീകരണത്തിനും വഴിയൊരുക്കുമെന്ന് വിലയിരുത്തൽ. കാൽഗറി വിമാനത്താവളത്തെയും, ഡൗൺടൗൺ കാൽഗറിയെയും, ബാൻഫ് ദേശീയ ഉദ്യാനത്തെയും ഒരു പാസഞ്ചർ ട്രെയിൻ വഴി ബന്ധിപ്പിക്കുന്നതാണ് കാൽഗറിബാൻഫ് റെയിൽ പദ്ധതി. ഇത്തരം പദ്ധതികൾക്ക് ധനസഹായം നൽകാൻ കാനഡ ഇൻഫ്രാസ്ട്രക്ചർ ബാങ്കിന് സർക്കാർ കൂടുതൽ പണം അനുവദിച്ചു. ഇതോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഈ റെയിൽ പദ്ധതി യാഥാർത്ഥ്യമാകാൻ സാധ്യതയേറുകയാണ്.

ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതാണ് ഈ പദ്ധതി. ഇതു വഴി ബാൻഫിലേക്കുള്ള യാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദമാകും. ഈ പുതിയ ട്രെയിൻ സർവ്വീസ് യാഥാർത്ഥ്യമാകുന്നതോടെ ഹൈവേയിലെ ഗതാഗതം കുറയ്ക്കാൻ കഴിയും, ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, കൂടാതെ ടൂറിസത്തിനും ബിസിനസ്സിനും കൂടുതൽ കരുത്ത് പകരുകയും ചെയ്യും.

അടുത്ത 10 വർഷത്തേക്ക് കാൽഗറി അടക്കമുള്ള നഗരങ്ങളിലെ ഡൗൺടൗണുകൾ, ഭവനങ്ങൾ, പൊതു ഇടങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി $51 ബില്യൺ ഫണ്ടും ബറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഫണ്ട് നഗര കേന്ദ്രങ്ങളെ കൂടുതൽ മികച്ച സ്ഥലങ്ങളാക്കി മാറ്റാൻ സഹായിക്കും. ആസൂത്രണത്തിലും തൊഴിലുകളിലും തദ്ദേശീയ സമൂഹങ്ങളെ ഉൾപ്പെടുത്തി അവർക്ക് കൂടുതൽ പിന്തുണ നൽകാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.