സിറ്റി വൈഡ് റീസോണിംഗ് നയം റദ്ദാക്കാൻ കാൽഗറി

By: 600110 On: Nov 15, 2025, 1:34 PM

കാൽഗറി സിറ്റിയിലെ വീടുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവാദത്തിന് ഇടയാക്കിയ സിറ്റി വൈഡ് റീസോണിംഗ് നയം റദ്ദാക്കാനുള്ള നീക്കവുമായി മേയറും ആറ് സിറ്റി കൗൺസിലർമാരും രംഗത്തെത്തി. ഭവനലഭ്യത വർദ്ധിപ്പിക്കാനും അഫോർഡബിളായി വീടുകൾ ലഭ്യമാക്കാനുമായി മുൻ സിറ്റി കൗൺസിൽ അംഗീകരിച്ച നയമായിരുന്നു ഇത്. നവംബർ 17-ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഈ പ്രമേയം സാങ്കേതിക പരിശോധനയ്ക്ക് വരും.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മേയർ ഉൾപ്പടെയുള്ള നിരവധി കൗൺസിലർമാർ റീസോണിംഗ് റദ്ദാക്കുമെന്ന വാഗ്ദാനം മുന്നോട്ടു വച്ചിരുന്നു. സിറ്റി വൈഡ് റീസോണിംഗ് നടപ്പാക്കിയിട്ടും വീടുകളുടെ വില വർദ്ധന കുറയ്ക്കാൻ സാധിച്ചില്ലെന്നും, ഇത് നിലവിലെ ജനവാസ കേന്ദ്രങ്ങളുടെ തനിമയും സൗകര്യങ്ങളും നശിപ്പിക്കുന്നുവെന്നും മേയർ ആരോപിച്ചു.  വേണ്ടത്ര പാർക്കിംഗ് സൗകര്യങ്ങളോ റോഡുകളോ ഇല്ലാത്ത സ്ഥലങ്ങളിൽപ്പോലും കൂടുതൽ തിരക്കും ഗതാഗതക്കുരുക്കും ഉണ്ടാക്കുന്നതായും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

റീസോണിംഗ് റദ്ദാക്കുകയാണെങ്കിൽ, പുതിയ ഭവനനയം എന്തായിരിക്കുമെന്നതിനെക്കുറിച്ച് പ്രമേയത്തിൽ വ്യക്തമായ വിവരങ്ങളൊന്നും നൽകിയിട്ടില്ല. എങ്കിലും, ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി റെയിൽവേ സ്റ്റേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന തൊഴിൽ കേന്ദ്രങ്ങൾ എന്നിവയോട് അടുത്തുള്ള പ്രദേശങ്ങളിൽ മാത്രം വലിയ പദ്ധതികൾ അംഗീകരിക്കാനാണ് കൗൺസിലർമാർ ആലോചിക്കുന്നത്.