കാൽഗറി സിറ്റി ഹാളിൽ വിദേശ രാജ്യങ്ങളുടെ ദേശീയ പതാകകൾ ഉയർത്തുന്ന രീതി അവസാനിപ്പിക്കാൻ അടിയന്തര പ്രമേയം അവതരിപ്പിക്കുമെന്ന് മേയർ ജെറോമി ഫാർകാസ്. നിലവിലെ ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, വിദേശ രാജ്യങ്ങളുടെ ദേശീയ പതാകകൾ ഉയർത്തുന്നത്, നഗരത്തിൽ ഭിന്നതകൾ സൃഷ്ടിക്കുകയും, ഇസ്‌ലാമോഫോബിയ, സെമിറ്റിക് വിരുദ്ധത തുടങ്ങിയ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി നിരവധി പൗരന്മാർ ആശങ്ക അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് മേയറുടെ ഈ നീക്കം.
കാനഡ ഔദ്യോഗികമായി അംഗീകരിച്ച രാജ്യങ്ങളുടെ പതാകകൾ അവരുടെ ദേശീയ ദിനങ്ങളിൽ സിറ്റി ഹാളിൽ ഉയർത്താൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. ഈ നയം ഇനി പ്രായോഗികമല്ലെന്നും സിറ്റി ഹാൾ എല്ലാ ജനങ്ങളെയും ഒരുമിപ്പിക്കുന്ന ഇടമായി നിലകൊള്ളണമെന്നും മേയർ പറഞ്ഞു. മേയറുടെ നിർദ്ദേശം കൗൺസിൽ അംഗീകരിച്ചാൽ, വിദേശ പതാകകൾ സിറ്റി ഹാളിൽ ഉയർത്തുന്നതിനുള്ള എല്ലാ അപേക്ഷകളും പൂർണ്ണമായും നിർത്തലാക്കും. നിലവിലെ നിയമപ്രകാരം നേരത്തെ അംഗീകരിച്ചിട്ടുള്ള പലസ്തീൻ പതാക ഉയർത്തുന്ന ചടങ്ങ് ഈ നവംബർ 15-ന് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സംഘർഷങ്ങളിൽ സിറ്റി ഹോൾ പക്ഷം ചേരുന്നതായി തോന്നരുതെന്ന നിലപാടാണ് പുതിയ നീക്കത്തിലൂടെ മേയർ മുന്നോട്ട് വെക്കുന്നത്.