വെസ്റ്റ് ജെറ്റ് എയർലൈൻസ് തങ്ങളുടെ നൂറുകണക്കിന് കോൾ സെൻ്റർ ജോലികൾ കാനഡയിലെ കാൽഗറിയിൽ നിന്ന് എൽ സാൽവഡോറിലേക്ക് ഔട്ട്സോഴ്സ് ചെയ്യുന്നതിനെതിരെ തൊഴിലാളി യൂണിയനായ യൂണിഫോർ ശക്തമായ നിലപാടുമായി രംഗത്തെത്തി. ഇത് താൽക്കാലികമെന്നാണ് കമ്പനി ആദ്യം ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഇത് സ്ഥിരമായി വിദേശത്തേക്ക് മാറ്റാനാണ് തീരുമാനമാണെന്ന് പിന്നീട് വ്യക്തമായി. ഇത് കനേഡിയൻ തൊഴിലാളികളോടുള്ള വെസ്റ്റ് ജെറ്റിൻ്റെ വഞ്ചനയാണെന്ന് യൂണിഫോർ ആരോപിച്ചു.
ഔട്ട്സോഴ്സ് ചെയ്യുന്നതിലൂടെ തൊഴിലാളികളുടെ വേതനം ഗണ്യമായി കുറയ്ക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്. കാനഡയിലെ തൊഴിലവസരങ്ങളെ സംരക്ഷിക്കാനും രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും വെസ്റ്റ് ജെറ്റ് ശരിയായ തീരുമാന എടുക്കണമെന്ന് യൂണിഫോർ ആവശ്യപ്പെട്ടു. ഈ നീക്കം ചെലവ് കുറച്ച് നിക്ഷേപകരെ ആകർഷിക്കാനുള്ള വെസ്റ്റ് ജെറ്റിൻ്റെ ഉടമകളായ ഓണെക്‌സിൻ്റെ തന്ത്രമാണെന്നും യൂണിഫോർ ചൂണ്ടിക്കാട്ടുന്നു.
ഔട്ട്സോഴ്സിംഗ് വഴി ജോലികൾ നഷ്ടപ്പെടുന്നത് തടയാൻ യൂണിയൻ സംഘടിതമായി പോരാടേണ്ടതിൻ്റെ ആവശ്യകത തൊഴിലാളികളെ ബോധ്യപ്പെടുത്താനാണ് യൂണിഫോറിൻ്റെ ശ്രമം. കൂടാതെ, കനേഡിയൻ ജോലികൾ വിദേശത്തേക്ക് മാറ്റുന്നതിലൂടെ പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൽകിയിട്ടുള്ള നികുതി ഇളവുകളും പരിശീലന ഗ്രാൻ്റുകളും ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും യൂണിയൻ അധികൃതർ അഭിപ്രായപ്പെട്ടു.