അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്ന രാജ്യമെന്ന നിലയിൽ കാനഡയുടെ പ്രശസ്തി അപകടത്തിലെന്ന് മുൻ ഇമിഗ്രേഷൻ മന്ത്രി ലോയ്ഡ് ആക്‌സ്‌വർത്തി. പുതിയ സർക്കാരിൻ്റെ നയങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി കാർണി സർക്കാരിൻ്റെ അതിർത്തി സുരക്ഷാ ബില്ലായ സി-12 നെയും അദ്ദേഹം വിമർശിച്ചു. ബില്ലിലെ പുതിയ മാറ്റങ്ങൾ മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയിൽ നിന്ന് രാജ്യം പിന്നോട്ട് പോകുന്നതിൻ്റെ സൂചനയാണെന്നും ആക്‌സ്‌വർത്തി അഭിപ്രായപ്പെട്ടു.
വേൾഡ് റെഫ്യൂജി ആൻഡ് മൈഗ്രേഷൻ കൗൺസിലിൻ്റെ ചെയർമാൻ സ്ഥാനത്തുനിന്ന് അടുത്തിടെ വിരമിച്ച നേതാവ് കൂടിയാണ് ആക്‌സ്‌വർത്തി. ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര വേദികളിൽ സംസാരിക്കുന്നതിലുപരി അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാനഡ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാല ഫെഡറൽ ഹെൽത്ത് പ്രോഗ്രാമിന് (Interim Federal Health Program) കീഴിൽ അഭയാർത്ഥികളിൽ നിന്ന് ദന്ത ചികിത്സയ്ക്കും മരുന്നുകൾക്കുമായി പണം ഈടാക്കാനുള്ള നിർദ്ദേശത്തെക്കുറിച്ചും ആക്‌സ്‌വർത്തി ആശങ്ക പ്രകടിപ്പിച്ചു.
അഭയാർത്ഥികളെ ആദ്യം എത്തിച്ച രാജ്യത്ത് തന്നെ അഭയം തേടാൻ നിർബന്ധിക്കുന്ന യു.എസുമായുള്ള സേഫ് തേർഡ് കൺട്രി ഉടമ്പടി നിർത്തലാക്കണമെന്ന് ആക്‌സ്‌വർത്തി ആവശ്യപ്പെട്ടു. അഭയാർത്ഥി സംരക്ഷണ വിഷയത്തിൽ യു.എസ്സിനേക്കാൾ ഉയർന്ന മൂല്യങ്ങളുള്ള രാജ്യമാണ് കാനഡയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപ് ഭരണകൂടത്തിൻ്റെ കടുത്ത അഭയാർത്ഥി നയങ്ങളെയും, ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം മുൻഗണന നൽകുന്നതിനെയും ആക്‌സ്‌വർത്തി വിമർശിച്ചു. കൂടുതൽ നീതിയുക്തവും കാര്യക്ഷമവുമായ ഒരു ഇമിഗ്രേഷൻ സംവിധാനം നിർമ്മിക്കുന്നതിൽ കാനഡ ശ്രദ്ധ കേന്ദ്രീകരിക്കണം. നിലവിലെ സംവിധാനത്തിന് മെച്ചപ്പെട്ട ഏകോപനവും ധാരണയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.