അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന യുവതികളുടെ എണ്ണം കൂടുന്നുവെന്ന് പുതിയ സർവ്വെ. 15-നും 44-നും ഇടയിൽ പ്രായമുള്ള അമേരിക്കൻ വനിതകളിലാണ് സർവ്വെ നടത്തിയത്. ഇതിൽ 40 ശതമാനം പേരും അവസരം ലഭിക്കുകയാണെങ്കിൽ യു.എസ്. വിട്ടുപോകണമെന്ന് ആഗ്രഹമുള്ളവരാണെന്ന് സർവ്വേ കണ്ടെത്തി. 2014-ൽ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന യുവതികളുടെ എണ്ണം 10 ശതമാനം മാത്രമായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. രാജ്യം വിടാൻ ആഗ്രഹിക്കുന്നവരിൽ കൂടുതൽ പേരും പോകാൻ ആഗ്രഹിക്കുന്നത് കാനഡയിലേക്കാണ്.
ഗാല്ലപ്പ് (Gallup) ആണ് സർവ്വേയുടെ ഫലം 2025 നവംബർ 14-ന് ദ കനേഡിയൻ പ്രസ് ആണ് പങ്കുവെച്ചത്. 15 വയസ്സും അതിൽ കൂടുതലും പ്രായമുള്ള 1,000 അമേരിക്കക്കാർ സർവ്വേയിൽ പങ്കെടുത്തു. 2025 ജൂൺ 14-നും ജൂലൈ 16-നും ഇടയിലായി ഫോൺ വഴിയാണ് വിവരങ്ങൾ ശേഖരിച്ചത്. മൊത്തം അമേരിക്കക്കാരിൽ ഏകദേശം 20 ശതമാനം പേർക്കും അവസരം ലഭിച്ചാൽ രാജ്യം വിട്ടുപോകാൻ ആഗ്രഹമുണ്ട്. എന്നാൽ ഉടൻ തന്നെ രാജ്യം വിടാൻ പദ്ധതിയിടുന്നു എന്നല്ല ഇതിലൂടെ അർത്ഥമാക്കുന്നത് എന്ന് ഗാല്ലപ്പ് നിരീക്ഷിച്ചു. പലരും അതൃപ്തരാണെങ്കിലും ഇപ്പോൾത്തന്നെ അത് പ്രാവർത്തികമാക്കിയേക്കില്ല. സ്ഥിര താമസമാക്കാൻ താല്പര്യമുള്ള സ്ഥലമെന്ന നിലയിൽ കാനഡയോട് യുവ അമേരിക്കൻ വനിതകൾക്കുള്ള താൽപ്പര്യം വർധിച്ചുവരുന്നു എന്നതിലേക്കാണ് പുതിയ സർവ്വെ വിരൽ ചൂണ്ടുന്നത്.