വ്യാജ കനേഡിയൻ കറൻസിയുടെ ഉപയോഗം വർദ്ധിക്കുന്നതിനെക്കുറിച്ച് ഹാമിൽട്ടൺ പോലീസ് പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകി. $20, $50, $100 എന്നിവയുടെ നോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഈ വ്യാജ നോട്ടുകൾ യഥാർത്ഥ നോട്ടുകൾക്ക് സമാനമായി തോന്നാമെങ്കിലും, പ്രധാനപ്പെട്ട സുരക്ഷാ സവിശേഷതകൾ അവയ്ക്ക് ഉണ്ടാകില്ല. ലഭിച്ചത് വ്യാജ നോട്ടെന്ന് സംശയം തോന്നിയാൽ തങ്ങളെ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
നിരവധി വ്യാജ നോട്ടുകൾക്ക് ഒരേ സീരിയൽ നമ്പർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് ശ്രദ്ധിക്കേണ്ടൊരു സൂചനയാണെന്നും പോലീസ് പറഞ്ഞ. ചിലപ്പോൾ നോട്ടിലെ ഹോളോഗ്രാഫിക് സ്ട്രിപ്പിലോ മറ്റ് ഭാഗങ്ങളിലോ "Prop Money" അല്ലെങ്കിൽ "For Motion Picture Use" എന്ന വാക്കുകൾ അച്ചടിച്ചിട്ടുണ്ടാകാം. വ്യാജ നോട്ടുകളിലെ ഹോളോഗ്രാഫിക് സ്ട്രിപ്പ് ഇളക്കി മാറ്റാൻ കഴിയുന്ന ഒരു സ്റ്റിക്കർ പോലെയോ അല്ലെങ്കിൽ ഒട്ടിച്ചതു പോലെയോ തോന്നാം. വ്യാജ നോട്ടുകളുടെ നിറം മങ്ങിയതാകാനും സാധ്യതയുണ്ട്. യഥാർത്ഥ കനേഡിയൻ കറൻസിയുമായി താരതമ്യം ചെയ്യുമ്പോൾ വ്യാജ നോട്ടുകൾക്ക് കനത്തിലും ഘടനയിലും വ്യത്യാസം അനുഭവപ്പെടും.
പണം കൈകാര്യം ചെയ്യുന്നവർ എല്ലാ നോട്ടുകളും ശ്രദ്ധയോടെ പരിശോധിക്കണമെന്നം വ്യാജമാണെന്ന് തോന്നിയാൽ മാന്യമായി നിരസിക്കുകയും വേണമെന്ന് വിദഗ്ധർ പറയുന്നു. ചിലപ്പോൾ വ്യാജ പണം നൽകുന്ന വ്യക്തിക്ക് അത് കള്ളനോട്ടാണെന്ന് അറിയണമെന്നില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.