കൂടുതൽ ഇളവുകൾ തേടി അഞ്ച് കൊലപാതക കേസിലെ പ്രതിയായ മാത്യു ഡി ഗ്രൂഡ് .കാൽഗറിയിൽ ഒരു ഹൗസ് പാർട്ടിയിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മാത്യു ഡി ഗ്രൂഡ്. സംഭവസമയത്ത് ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതിനാൽ ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദിയല്ലെന്ന് കണ്ടെത്തിയിരുന്നു. ആൽബെർട്ടയിലെ ക്രിമിനൽ കോഡ് റിവ്യൂ ബോർഡിൻ്റെ വാർഷിക ഹിയറിംഗിലാണ് കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യം മാത്യു ഉന്നയിച്ചത്. ബി.സി.യിൽ താമസിക്കുന്ന തൻ്റെ സഹോദരിയെ സന്ദർശിക്കാനുൾപ്പെടെ, നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്നാണ് ഡി ഗ്രൂഡിൻ്റെ ആവശ്യം.
ഡി ഗ്രൂഡ് ഇപ്പോഴും പി.ടി.എസ്.ഡി കാരണം ബുദ്ധിമുട്ടുന്നുണ്ടെന്നും സംഭവിച്ച കാര്യങ്ങളിൽ കുറ്റബോധവും ലജ്ജയും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന മനോരോഗ വിദഗ്ധനായ ഡോ. സന്താന വ്യക്തമാക്കി.പുതിയ മാറ്റങ്ങൾ അദ്ദേഹത്തിൻ്റെ രോഗമുക്തിക്കായുള്ള ആഗ്രഹത്തെയാണ് കാണിക്കുന്നതെന്നും ഇത് ഒരു നല്ല സൂചനയാണെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. താൻ ചെയ്ത കുറ്റങ്ങളുടെ ഭവിഷ്യത്തുകൾ കാരണം ഡി ഗ്രൂഡ് ഇപ്പോഴും കടുത്ത പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) അനുഭവിക്കുന്നുണ്ടെന്നും, കുറ്റബോധം ഉണ്ടെന്നും ഡോ. സൻ്റാന കൂട്ടിച്ചേർത്തു.
അതേസമയം, സെപ്റ്റംബറിൽ ആൽബെർട്ട കോർട്ട് ഓഫ് അപ്പീൽ, ഡി ഗ്രൂഡിന് പൂർണ്ണമായോ വ്യവസ്ഥകളോടുകൂടിയോ ഉള്ള മോചനം നൽകണമെന്ന ആവശ്യം തള്ളിയിരുന്നു. എങ്കിലും ഡി ഗ്രൂഡിൻ്റെ ചികിത്സാ സംഘം അദ്ദേഹത്തിന് കൂടുതൽ സ്വാതന്ത്ര്യങ്ങൾ നൽകുന്നതിനായി തുടർന്നും വാദിക്കുന്നുണ്ട്. നിലവിൽ കാനഡയിലെ ഒരു നിരീക്ഷണ കേന്ദ്രത്തിലാണ് മാത്യു ഡി ഗ്രൂഡ് കഴിയുന്നത്.