അഭയാർത്ഥികൾക്കുള്ള സാമൂഹിക സഹായം നിർത്തലാക്കുമെന്ന മുന്നറിയിപ്പുമായി   ക്യൂബെക്ക്

By: 600110 On: Nov 14, 2025, 6:11 AM

 

ക്യൂബെക്കിൽ അഭയം തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഇവർക്കുള്ള സാമൂഹിക സഹായം വെട്ടിക്കുറയ്ക്കുമെന്ന മുന്നറിയിപ്പുമായി ക്യൂബെക് സർക്കാർ.  തങ്ങൾക്കുണ്ടായ ചെലവുകൾ തിരികെ നൽകാൻ ഫെഡറൽ സർക്കാർ തയ്യാറാകാത്തതിനാലാണ് ഈ കടുത്ത നിലപാടെന്ന് മന്ത്രി ജീൻ-ഫ്രാങ്കോയിസ് റോബർഗ് വ്യക്തമാക്കി.

സ്വീകരിക്കാനാവുന്നതിനുലം കൂടുതൽ അഭയാർത്ഥികൾ ക്യൂബെക്കിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2024-ൽ മാത്രം അഭയാർത്ഥികൾക്കായി ക്യൂബെക്കിന് ഏകദേശം $733 ദശലക്ഷം ചെലവഴിക്കേണ്ടി വന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  ഇതിൽ $500 ദശലക്ഷവും സാമൂഹിക സഹായങ്ങൾക്കു വേണ്ടിയുള്ളതായിരുന്നു. തൊഴിൽ പെർമിറ്റ് ലഭിച്ചിട്ടും മാസങ്ങളോളം ജോലി കണ്ടെത്താതെ സാമൂഹിക സഹായത്തിൽ തുടരുകയാണ് ഒട്ടേറെ അഭയാർത്ഥികൾ. ഇവരെ മറ്റ് പ്രവിശ്യകളിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ സഹായം ഗണ്യമായി കുറയ്ക്കാൻ ആലോചിക്കുന്നതെന്നും മന്ത്രി സൂചന നൽകി.

യഥാർത്ഥ അപേക്ഷകരെ തിരിച്ചറിയുന്നതിനും, വിസ നൽകുന്ന നയം കർശനമാക്കുന്നതിനും, കാനഡയിലേക്ക് തെറ്റായ കാരണം പറഞ്ഞ് പ്രവേശിക്കുന്നത് തടയുന്നതിനും ഫെഡറൽ സർക്കാർ കൂടുതൽ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് റോബർഗ്  കത്തെഴുതിയിട്ടുണ്ട്. കൂടാതെ, പുതുതായി വരുന്നവരെ കാനഡയിലുടനീളം തുല്യമായി പുനരധവസിപ്പിക്കാൻ ഫെഡറൽ സർക്കാർ നടപടിയെടുക്കണമെന്നും ക്യൂബെക്ക് ആവശ്യപ്പെടുന്നു.