ശക്തമായ സൗരവാതത്തെ തുടർന്ന് കാനഡയുടെ പല ഭാഗങ്ങളിലും അറോറ ബോറിയാലിസ് ദൃശ്യമായി. പതിവിൽ നിന്ന് വ്യത്യസ്തമായി തെക്കൻ പ്രദേശങ്ങളിൽ പോലും ഇത്തവണ ഈ പ്രതിഭാസം കാണാനായി. തീവ്രമായ സൗരക്കാറ്റാണ് അസാധാരണമായ ഈ ദൃശ്യവിരുന്നിന് കാരണമായത്.
ചൊവ്വാഴ്ച രാത്രി വിന്നിപെഗ് അടക്കമുള്ള പ്രദേശങ്ങളിലെ ആകാശത്ത് അപൂർവ്വമായി മാത്രം കാണുന്ന ചുവപ്പ് കലർന്ന വർണ്ണത്തിലുള്ള അറോറ ദൃശ്യമായി. സാധാരണയായി ധ്രുവപ്രദേശങ്ങളിൽ മാത്രം കാണാറുള്ള ഈ പ്രതിഭാസം ഇത്തവണ തെക്കൻ കാനഡയിലും, അമേരിക്കയിലെ ന്യൂ മെക്സിക്കോ, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിലും വരെ ദൃശ്യമായത് ശാസ്ത്രജ്ഞരെയും കാഴ്ചക്കാരെയും ഒരുപോലെ വിസ്മയിപ്പിച്ചു.
സൂര്യനിൽ നിന്നുള്ള അതിസൂക്ഷ്മ കണികകൾ ഭൂമിയിലേക്ക് ഒഴുകിയെത്തുമ്പോഴാണ് ആകാശത്ത് മനോഹര ദൃശ്യങ്ങൾ രൂപപ്പെടുന്നത്. സൂര്യൻ്റെ ഉപരിതലത്തിലുണ്ടാകുന്ന സ്ഫോടനങ്ങളിൽ നിന്നാണ് ഈ കണികകൾ ഉണ്ടാകുന്നത്. ഈ കണികകൾ ഭൂമിയിൽ എത്തുമ്പോൾ, ഭൂമിയുടെ കാന്തിക മണ്ഡലം അവയെ ആകർഷിക്കുകയും അന്തരീക്ഷവുമായി കൂട്ടിയിടിക്കുകയും ചെയ്യുന്നു. ഈ കൂട്ടിയിടി ഊർജ്ജം പുറത്തുവിടുന്നതിലൂടെയാണ്, ആകാശത്ത് തിളക്കമുള്ളതും വർണ്ണാഭമായതുമായ നോർത്തേൺ ലൈറ്റ്സ് രൂപപ്പെടുന്നത്
സൂര്യനിൽ നിന്ന് പുറപ്പെടുന്ന ചാർജ്ജുള്ള കണങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലവുമായി പ്രതിപ്രവർത്തിക്കുമ്പോളാണ് ഇത്തരം അറോറകൾ ഉണ്ടാകുന്നത്. രാത്രി ആകാശത്ത് പച്ചയും ചുവപ്പും മറ്റ് നിറങ്ങളും നിറഞ്ഞ് മനോഹര ദൃശ്യം വരും ദിവസങ്ങളിലും കാനഡയുടെ ചില ഭാഗങ്ങളിൽ കാണാൻ സാധ്യതയുണ്ട്. നഗരത്തിരക്കുകളിൽ നിന്ന് അകന്ന് വ്യക്തമായ ആകാശക്കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളിൽ പോകുന്നവർക്ക് ഈ വർണ്ണവിസ്മയം ആസ്വദിക്കാൻ സാധിക്കുമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.