അന്ന സിൽവിയ ജസ്റ്റ് കേസ്: 60 വർഷം പഴക്കമുള്ള കൊലപാതക രഹസ്യം ചുരുളഴിഞ്ഞു

By: 600110 On: Nov 13, 2025, 1:32 PM

 

അറുപത് വർഷം മുൻപുള്ളൊരു ദുരൂഹ തിരോധാനത്തിന് ഇത്തരം കണ്ടെത്തി കാൽഗറി പൊലീസ്. 1966ൽ കാൽഗറിയിൽ നിന്ന് കാണാതായ അന്ന സിൽവിയയുടെ മരണത്തെ സംബന്ധിച്ച തെളിവുകളാണ് പൊലീസ് കണ്ടെത്തിയത്. കാണാതാവുമ്പോൾ അന്നയ്ക്ക് 29 വയസ്സായിരുന്നു പ്രായം.

1968-ൽ നെവാഡയിലെ മരുഭൂമിയിൽ നിന്ന് അന്നയുടെ ചില സാധനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൊലപാതക സാധ്യത പോലീസ് സംശയിച്ചിരുന്നു. 1970-ൽ അവിടെ നിന്ന് കണ്ടെത്തിയ അജ്ഞാത മൃതദേഹം അന്നയുടേതാണെന്ന് ഇത്രയും കാലം സ്ഥിരീകരിക്കാനായിരുന്നില്ല. എന്നാൽ, കാൽഗറി പോലീസിൻ്റെ ഹിസ്റ്റോറിക്കൽ ഹോമിസൈഡ് ടീം കേസ് വീണ്ടും അന്വേഷിക്കുകയും, അന്നയുടെ ജീവിച്ചിരിപ്പുള്ള ഏക ബന്ധുവായിരുന്ന 97 വയസ്സുള്ള സഹോദരിയിൽ നിന്ന് 2024-ൽ ഡിഎൻഎ സാമ്പിൾ ശേഖരിക്കുകയും ചെയ്തു.
പുതിയ ഡിഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, 1970-ൽ നെവാഡയിൽ കണ്ടെത്തിയ മൃതദേഹം അന്ന സിൽവിയ ജസ്റ്റിന്റേതാണെന്ന്  ലാസ് വെഗാസ് മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് (LVMPD) സ്ഥിരീകരിച്ചു.

തലയ്‌ക്കേറ്റ ക്ഷതം കാരണം അതൊരു കൊലപാതകമാണെന്ന് അക്കാലത്തുതന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നു. അന്നയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്ന തോമസ് ഹാൻലി എന്ന യൂണിയൻ നേതാവിനും, ഗുണ്ടാത്തലവനുമായി ബന്ധമുള്ള മറ്റ് ചിലർക്കുമാണ് കൊലപാതകത്തിൽ പങ്കുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ സൂചന ലഭിച്ചിരുന്നു. എന്നാൽ ഹാൻലിയോ മറ്റ് പ്രതികളോ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തതിനാൽ കേസ് അവസാനിപ്പിച്ചതായി LVMPD അറിയിച്ചു. പതിറ്റാണ്ടുകളോളം നീണ്ട ദുരൂഹതയ്ക്ക് വിരാമമിട്ട്, അന്നയുടെ തിരോധാനത്തിൽ  സംഭവിച്ചതിനെക്കുറിച്ച് ഒടുവിൽ ഉത്തരം നൽകാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് പോലീസ്.