സസ്‌കാച്ചെവൻ പ്രവിശ്യയിൽ അഭയാർത്ഥി അപേക്ഷകൾ ഇരട്ടിയോളം വർദ്ധിച്ചതായി റിപ്പോർട്ട്. 2024 ഏപ്രിൽ-ജൂൺ കാലയളവിൽ 683 ആയിരുന്നത് ഒരു വർഷത്തിന് ശേഷം 98 ശതമാനം വർദ്ധിച്ച് 1,344 ആയി ഉയർന്നു. അതേസമയം, സ്ഥിര താമസ വിസയിൽ പ്രവിശ്യയിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. 53 ശതമാനം കുറഞ്ഞ് 7,414-ൽ നിന്ന് 3,467 ആയി താഴ്ന്നു. കാനഡയിലുടനീളം അഭയാർത്ഥി അപേക്ഷകളിൽ 32 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്.
ഇമിഗ്രേഷൻ നയങ്ങൾ കർശനമാക്കിയതോടെ കാനഡയിൽ താമസിക്കാനുള്ള മറ്റ് വഴികൾ കുറഞ്ഞതിനാലാണ് പലരും അഭയാർത്ഥി അപേക്ഷകളിലേക്ക് തിരിയുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അപേക്ഷ സമർപ്പിക്കുന്ന ആളുകൾക്ക് ഹിയറിംഗിനായി ഏകദേശം ഒന്നര വർഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഇത് അവരുടെ സ്ഥിരതാമസ പദവി വൈകിപ്പിക്കുന്നു. താത്കാലിക പെർമിറ്റിലുള്ള ആളുകളുടെ അപേക്ഷകളും ഒട്ടേറെ കെട്ടിക്കിടക്കുകയാണ്. പുതിയ സ്ഥിര താമസക്കാരുടെ വരവിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് സസ്‌കാച്ചെവനും പ്രിൻസ് എഡ്വേർഡ് ഐലൻഡിലുമാണ്.
പ്രവിശ്യയുടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൽ (PNP) 2026-ഓടെ ഏകദേശം 1,000 അധിക ഒഴിവുകൾ പ്രതീക്ഷിക്കുന്നുണ്ട്, എങ്കിലും, നിലവിൽ സസ്‌കാച്ചെവനിൽ താമസിക്കുന്ന പല താത്കാലിക താമസക്കാരും അനിശ്ചിതത്വവും കാലതാമസവും നേരിടുകയാണ്. കുടിയേറ്റ നയങ്ങളിലെ വെട്ടിച്ചുരുക്കലുകൾ, പ്രവിശ്യയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന പുതിയ താമസക്കാർക്ക് യഥാർത്ഥ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.