ഒറ്റ വിസയില്‍ ജിസിസി രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന വണ്‍ സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് ജിസിസി അംഗീകാരം. അടുത്ത മാസം മുതല്‍ യുഎഇയും ബഹ്‌റൈനും തമ്മില്‍ പരീക്ഷാണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. കുവൈത്തില്‍ നടന്ന 42 ആമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണം വിജയിച്ചാല്‍ വൈകാതെ മറ്റ് ജിസിസി അംഗ രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
പുതിയ സംവിധാനത്തിലൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വദേശി യാത്രക്കാര്‍ക്ക് ഒരു ചെക്ക് പോയിന്റില്‍ വെച്ച് ഇമിഗ്രേഷന്‍, കസ്റ്റംസ്, സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാനാകും. നിലവിലുള്ളത് പോലെ ഓരോ രാജ്യങ്ങളുടെയും ചെക് പോയിന്റില്‍ പരിശോധന നടത്തുന്ന രീതി ഒഴിവാക്കും. യാത്രയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ട്രാക്ക് ചെയ്യാനും രാജ്യങ്ങളില്‍ക്കിടയില്‍ പരസ്പരം പങ്കുവെയ്ക്കാനുമായി ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം രൂപീകരിക്കും.