ലണ്ടനിൽ ഇന്ത്യക്കാർ കൂടുതൽ താമസിക്കുന്ന നഗരമായ സൗത്തോളിൽ തെരുവുകളിൽ മാലിന്യം നിറഞ്ഞു കിടക്കുന്നത് ചർച്ചയാകുന്നു. ഇത് സംബന്ധിച്ച് പുറത്തു വന്നൊരു വീഡിയോയാണ് ചർച്ചകൾക്ക് വഴിവെച്ചത്. നിരവധി ക്ഷേത്രങ്ങൾ, സാരി കടകൾ, പഞ്ചാബി റെസ്റ്റോറന്റുകൾ എന്നിവയുള്ള സൗത്തോൾ, ഇന്ത്യൻ സമൂഹത്തിന്റെ ഒരു സാംസ്കാരിക കേന്ദ്രമായാണ് അറിയപ്പെടുന്നത്.
ഒരു പാർക്കിൻ്റെ പരിസരത്ത് ഒഴിഞ്ഞ കാനുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണ കവറുകൾ തുടങ്ങിയ മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുന്നത് വീഡിയോയിൽ കാണാം. യുകെ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ യൂട്യൂബറാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. സൗത്തോളിലും അടുത്തുള്ള വെംബ്ലിയിലും വലിയ ഇന്ത്യൻ ജനസംഖ്യയുണ്ടെന്നും, കുന്നുകൂടിക്കിടക്കുന്ന ചപ്പുചവറുകളും മാലിന്യങ്ങളും ഈ പ്രദേശത്തിൻ്റെ സൗന്ദര്യത്തെ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
വീഡിയോയ്ക്ക് ഏകദേശം അഞ്ച് ദശലക്ഷത്തോളം കാഴ്ചക്കാരെ ലഭിക്കുകയും നിരവധി കമൻ്റുകൾ വരികയും ചെയ്തു. ഇന്ത്യക്കാർക്ക് പൗരബോധം കുറവാണെന്നും നിയമങ്ങൾ തെറ്റിക്കുന്നതിൽ അവർക്ക് ലജ്ജയില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. മാലിന്യം വലിച്ചെറിയുക, ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയിലെ ആളുകൾ പലപ്പോഴും അഭിമാനം കൊള്ളുകയാണെന്ന് മറ്റൊരാൾ പറഞ്ഞു. സമൂഹത്തിൽ പൗരബോധം മെച്ചപ്പെടുത്താൻ വിദ്യാഭ്യാസത്തിൻ്റെ ആവശ്യകത പലരും ഊന്നിപ്പറഞ്ഞു. പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് യൂട്യൂബർ ഓർമ്മിപ്പിച്ചു. ശുചിത്വം പാലിക്കുന്നതിൽ പ്രാദേശിക അധികാരികൾക്കും പങ്കുണ്ടെന്നും, പ്രശ്നങ്ങൾക്ക് ഒരൊറ്റ വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.