മുൻ ലിബിയൻ ഏകാധിപതി ഗദ്ദാഫിയുടെ ബന്ധുവിന് കാനഡയിൽ തുടരാൻ വീണ്ടും അവസരം

By: 600110 On: Nov 13, 2025, 6:05 AM

മുൻ ലിബിയൻ ഏകാധിപതിയായ മുഅമ്മർ ഗദ്ദാഫിയുടെ ബന്ധുവിന് കാനഡയിൽ തുടരാൻ വീണ്ടും അവസരം ലഭിച്ചു. ലിബിയൻ പൗരനായ സിറാജ് ഈസാദി എൽ ഫെർജാനി അഹമ്മദിനാണ് കാനഡയിൽ തുടരാൻ അവസരം ലഭിച്ചത്. അഹമ്മദ് 2017 മുതൽ കാനഡയിലാണ് താമസിക്കുന്നത്. ഏവിയേഷൻ പഠനത്തിനായാണ് ഇദ്ദേഹം കാനഡയിൽ എത്തിയത്.

ഗദ്ദാഫിയുടെ ഭരണകൂടവുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമില്ലെന്ന് അധികൃതർ കണ്ടെത്തിയതിനെ തുടർന്ന് അഹമ്മദിൻ്റെ അഭയാർത്ഥി അപേക്ഷ തള്ളിയിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ അമ്മാവനായ മൻസൂർ ദാവു, ഗദ്ദാഫിയോട് വിശ്വസ്തത പുലർത്തിയിരുന്ന ഒരു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നുവെന്ന് പുതിയ തെളിവുകൾ വ്യക്തമാക്കുന്നു. 2011-ലെ ആഭ്യന്തരയുദ്ധത്തിൽ ഗദ്ദാഫി കൊല്ലപ്പെടുന്നത് വരെ ദാവു അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇത് കണക്കിലെടുക്കുമ്പോൾ സുരക്ഷാ കാരണങ്ങളാൽ തന്നെ കാനഡയിൽ തന്നെ തുടരാൻ അനുവദിക്കണമെന്നാണ് അഹമ്മദ് ആവശ്യപ്പെട്ടത്. ഇതാണ് കോടതി അംഗീകരിച്ചത്. നേരത്തെ കാനഡയിലെ ഇമിഗ്രേഷൻ ആൻ്റ് റെഫ്യൂജി ബോർഡ് അഹമ്മദിൻ്റെ അഭയാർത്ഥി അപേക്ഷ രണ്ടുതവണ തള്ളിയിരുന്നു. എന്നാൽ, അഹമ്മദിൻ്റെ അമ്മാവന് ഗദ്ദാഫിയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചുള്ള പ്രധാന തെളിവുകൾ ബോർഡ് അവഗണിച്ചു എന്ന് ഒരു ഫെഡറൽ കോടതി ജഡ്ജി കണ്ടെത്തുകയുണ്ടായി. ഇതേത്തുടർന്ന്, മറ്റൊരു ഉദ്യോഗസ്ഥനെക്കൊണ്ട് അഹമ്മദിൻ്റെ കേസ് വീണ്ടും പരിശോധിക്കാൻ ജഡ്ജി ഉത്തരവിടുകയായിരുന്നു.