ഡൽഹി സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്കി കനേഡിയൻ സർക്കാർ

By: 600110 On: Nov 12, 2025, 12:16 PM

 

ഡൽഹി സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് കനേഡിയൻ പൌരന്മാർക്ക് മുന്നറിയിപ്പുമായി ഫെഡറൽ സർക്കാർ.  ഇന്ത്യയിലേക്കുള്ള യാത്രയിൽ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്നാണ് കാനഡ തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നൽകിയത്. ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയിൽ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ച  സാഹചര്യത്തിലാണ് ഇത്.

ഡൽഹിയിലെ സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നവംബർ 11-ന് ട്രാവൽ അഡ്വൈസറി റിപ്പോർട്ട് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പ്രധാന നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിദേശികളെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കാനഡ, യു.കെ., യു.എസ്. തുടങ്ങിയ രാജ്യങ്ങളും  ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന  അവരുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജമ്മു കശ്മീർ പ്രദേശത്തേക്കും പാകിസ്ഥാൻ അതിർത്തിയോട് 10 കിലോമീറ്റർ ചേർന്നുള്ള പ്രദേശങ്ങളിലേക്കും ഉള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അസം, മണിപ്പൂർ പോലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ട്രാവൽ അഡ്വൈസറിയിൽ പറയുന്നു. ബംഗളൂരു, ചണ്ഡീഗഢ്, മുംബൈ എന്നിവിടങ്ങളിലെ കനേഡിയൻ പൗരന്മാർക്ക് നേരിട്ടുള്ള കോൺസുലാർ സേവനങ്ങൾ താൽക്കാലികമായി ലഭ്യമല്ലെന്നും, സഹായത്തിനായി ഡൽഹിയിലെ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.