വേദിയില്‍ കാലിടറി വീണ് എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റഷ്യയുടെ ആദ്യത്തെ ഹ്യൂമനോയ്ഡ് റോബോട്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ നിര്‍മാതാക്കള്‍ നാണക്കേടിലുമായി. മോസ്‌കോയില്‍ നടന്ന ഒരു ചടങ്ങിലാണ് എയ്‌ഡോള്‍ എന്ന റോബോട്ടിനെ അവതരിപ്പിച്ചത്. സംഗീതത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് നടന്നുവന്ന റോബോട്ട് സദസിനെ കൈവീശി കാണിച്ചതിന് പിന്നാലെ അപ്രതീക്ഷിതമായി നിലത്തുവീഴുകയായിരുന്നു. ഇതോടെ ചുറ്റുമുണ്ടായിരുന്നവര്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം.
വീഴ്ചയ്ക്ക് പിന്നാലെ റോബോട്ടിന്റെ ബാലന്‍സ് സിസ്റ്റങ്ങളും കണ്‍ട്രോള്‍ സോഫ്റ്റ്‌വെയറും പരിശോധിക്കുന്നതിനായി നിര്‍മാതാക്കള്‍ അതിനെ താല്‍ക്കാലികമായി പൊതുവേദിയില്‍ നിന്ന് മാറ്റി. തെറ്റില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നുവെന്ന് റഷ്യന്‍ റോബോട്ടിക്‌സ് സ്ഥാപനമായ ഐഡലിന്റെ സിഇഒ വ്‌ളാദിമിര്‍ വിതുഖിന്‍ പറഞ്ഞു.