ഫരീദാബാദില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ കേസില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ ജയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിന് രൂപം നല്‍കാന്‍ ചുമതലപ്പെട്ടയാളെന്ന് വിവരം. ലക്‌നൗ സ്വദേശിയായ ഡോ. ഷഹീന്‍ ഷാഹിദാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലിന്റെ സഹപ്രവര്‍ത്തകയാണ് ഷഹീന്‍ എന്നാണ് വിവരം. ഫരീദാബാദിലെ അല്‍ ഫല മെഡിക്കല്‍ കോളേജിലാണ് ഇരുവരും ജോലി ചെയ്യുന്നത്.
2,900 കിലോ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഷഹീന്റെ കാറില്‍ നിന്നും തോക്കുകള്‍ കണ്ടെത്തിയിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്തുല്‍ മൊമിനാത് ഇന്ത്യയില്‍ രൂപീകരിക്കാന്‍ ചുമതല ഏറ്റെടുത്തവരില്‍ ഒരാളാണ് ഷഹീനെന്ന് ഡെല്‍ഹി പോലീസ് വൃത്തങ്ങള്‍ പറയുന്നു.