കനത്ത മഞ്ഞുവീഴ്ചയെയും കൊടുങ്കാറ്റിനെയും തുടർന്ന് ക്യൂബെക്കിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു. ഇതേ തുടർന്ന് സ്കൂളുകൾക്ക് അവധി നല്കി. കനത്ത മഞ്ഞ് മരച്ചില്ലകളിൽ വീണ് ഭാരം കൂടുകയും അവ വൈദ്യുതി ലൈനുകളിലേക്ക് ഒടിഞ്ഞുവീഴുകയും ചെയ്തതിനെത്തുടർന്ന് 300,000-ത്തിലധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു.
മോണ്ടെറെജി പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്. മോൺട്രിയൽ ഉൾപ്പെടെ മറ്റ് പല പ്രദേശങ്ങളിലും വൈദ്യുതി തടസ്സങ്ങൾ നേരിട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ ജീവനക്കാർ ശ്രമം തുടരുകയാണ്. കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി ഹൈഡ്രോ-ക്യൂബെക്ക് ഏകദേശം 400 ടീമുകളെ വിന്യസിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തിയും റോഡുകളുടെ മോശം അവസ്ഥയും കാരണം അറ്റകുറ്റപ്പണികൾ മന്ദഗതിയിലായതിനാൽ പല പ്രദേശങ്ങളിലും ബുധനാഴ്ച വരെ വൈദ്യുതി ഇല്ലാതെ തുടരാൻ സാധ്യതയുണ്ടെന്ന് ഹൈഡ്രോ-ക്യൂബെക്ക് മുന്നറിയിപ്പ് നൽകി. മോൺട്രിയലിലെ ഡൗൺടൗണിൽ ഏകദേശം 20 സെൻ്റിമീറ്റർ വരെ മഞ്ഞ് വീഴ്ചയുണ്ടായി. ഇതേ തുടർന്ന് റോഡുകളിൽ വഴുക്കലുണ്ടാവുകയും അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. കാലാവസ്ഥ കാരണം വിമാന സർവീസുകൾ വൈകാനും റദ്ദാക്കാനും സാധ്യതയുള്ളതിനാൽ യാത്രക്കാരോട് ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.