ആൽബർട്ടയിൽ പകർച്ചപ്പനി ബാധിച്ചുള്ള ഈ വർഷത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

By: 600110 On: Nov 11, 2025, 1:25 PM

ആൽബർട്ടയിൽ പകർച്ചപ്പനി ബാധിച്ചുള്ള ഈ വർഷത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. അറുപത് വയസ്സിലേറെ പ്രായമുള്ളൊരാളാണ് മരിച്ചത്. ആൽബർട്ടയിൽ കഴിഞ്ഞ വർഷമായിരുന്നു പകർച്ചപ്പനിയെ തുടർന്ന് കൂടുതൽ മരണങ്ങളുണ്ടായത്. 2024-25 കാലയളവിൽ 237 ആൽബർട്ട സ്വദേശികളാണ് പകർച്ചപ്പനി ബാധിച്ച് മരിച്ചത്. 

സമീപ വർഷങ്ങളിൽ പകർച്ചപ്പനി മൂലമുള്ള മരണങ്ങൾ വർദ്ധിച്ചുവരികയാണ്. ഓരോ സീസണിലും പകർച്ചപ്പനി കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കഴിഞ്ഞ വർഷം ആൽബർട്ടയിൽ 3,732 പേരെ പകർച്ചപ്പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം മുൻപുള്ളതിനേക്കാൾ കൂടുതൽ പകർച്ചപ്പനി കേസുകൾ റിപ്പോർച്ച് ചെയ്യപ്പെട്ടേക്കാം എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഈ വർഷം രോഗബാധയുടെ നിരക്ക് കൂടുതലാണെന്നാണ് ഓസ്ട്രേലിയയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണയായി കണ്ടുവരുന്ന ഫ്ലൂ സ്‌ട്രെയിനുകൾ H1N1ഉം H3N2ഉം ആണ്. സാധാരണയായി H3N2 സീസണുകളിൽ രോഗം കൂടുതൽ ഗുരുതരമാകാറുണ്ട്. ഈ വർഷത്തെ പ്രതിരോധ കുത്തിവെയ്പ് ഈ രണ്ട് സ്‌ട്രെയിനുകൾക്കെതിരെയും പ്രതിരോധം നൽകുന്നുണ്ടെങ്കിലും, നിലവിൽ വ്യാപിക്കുന്ന വൈറസുകളെ പ്രതിരോധിക്കാൻ ഇതിന് കഴിയുമോ എന്ന കാര്യത്തിൽ വിദഗ്ദ്ധർക്ക് ഉറപ്പില്ല.

വാക്സിൻ പൂർണ്ണമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ പോലും, രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനാൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് പ്രധാനമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. കൈ കഴുകുക, രോഗമുള്ളപ്പോൾ വീട്ടിൽ തന്നെ കഴിയുക, തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. ചെറിയ കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവർ എന്നിവർക്കാണ് പകർച്ചപ്പനി ഏറ്റവും കൂടുതൽ അപകടകരമാകാൻ സാധ്യതയുള്ളത്.