നുനാവട്ടിൽ പോളാർ ബിയറിൻ്റെ ആക്രമണത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ടത് ഫോട്ടോ എടുക്കുന്നതിനിടെയെന്ന് റിപ്പോർട്ട്.
ഒരു റഡാർ സൈറ്റിൽ വെച്ച് 2024 ഓഗസ്റ്റ് 8നായിരുന്നു ക്രിസ്റ്റഫർ ബെസ്റ്റ് എന്ന ജീവനക്കാരൻ പോളാർ ബിയറുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പോളാർ ബിയറുകളുടെ ഫോട്ടോ എടുക്കുന്നതിനിടെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. കരടികൾ വളരെ അകലെയാണെന്ന് തെറ്റിദ്ധരിച്ചാണ് ബെസ്റ്റ് ഫോട്ടോ എടുക്കാൻ ശ്രമിച്ചത്.. എന്നാൽ യഥാർത്ഥത്തിൽ അവിടെ രണ്ട് കരടികൾ ഉണ്ടായിരുന്നു എന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇതായിരുന്നു അപകടത്തിന് ഇടയാക്കിയത്.
ആ സൈറ്റിൽ പോളാർ ബിയറുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നു, എന്നാൽ തൊഴിലാളികളുടെ സുരക്ഷയ്ക്കായി വേലിയോ അലാറം സംവിധാനങ്ങളോ സ്ഥാപിച്ചിരുന്നില്ല. ഈ സംവിധാനങ്ങൾ ഉടനടി ഒരുക്കണമെന്നും ബെസ്റ്റിൻ്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. കരടികൾ അടുത്തുള്ളപ്പോൾ പൊതു അറിയിപ്പുകൾ നൽകണമെന്നും ശുപാർശ ചെയ്യുന്നുണ്ട്. സംഭവത്തെക്കുറിച്ച് പൂർണ്ണമായ ഉത്തരങ്ങൾ ലഭിക്കണമെന്ന് അദ്ദേഹത്തിൻ്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് കാനഡയാണ് ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കുന്നത്. ബെസ്റ്റിനെതിരെ ആക്രമണം നടന്നപ്പോൾ അടുത്തുള്ള തൊഴിലാളികൾ ഇത് കാണുകയും സഹായത്തിനായി വിളിക്കുകയും ചെയ്തു. എന്നാൽ തോക്ക് ലഭ്യമാകാൻ വൈകിയത് തിരിച്ചടിയായി. കരടികളെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിച്ചു, എന്നാൽ ഒരു കരടി വീണ്ടും ആക്രമിക്കാൻ മുതിർന്നതോടെ അതിനെ വെടിവെച്ച് കൊല്ലുകയും ചെയ്തു.