ടൊറൻ്റോയിലെയും ജി.ടി.എയിലെയും ഭവനപ്രതിസന്ധി: വീടില്ലാത്തവർ കടുത്ത നിരാശയിലെന്ന് സർവ്വെ

By: 600110 On: Nov 11, 2025, 5:34 AM

 

ടൊറൻ്റോയിലും ജി.ടി.എയിലും ഭവന പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വീടില്ലാത്തവർ കടുത്ത നിരാശയിലെന്ന് റിപ്പോർട്ട്. സ്വന്തമായി വീടില്ലാത്ത ഭൂരിഭാഗം ആളുകളും തങ്ങൾക്ക് ഇനി ഒരിക്കലും വീട് വാങ്ങാൻ കഴിയില്ലെന്ന നിരാശയിലാണെന്നാണ് ഒരു സർവ്വെ കണ്ടെത്തിയത്. സിറ്റിന്യൂസിന് വേണ്ടി കാനഡ പൾസ് ഇൻസൈറ്റ്‌സ് ണ് ഈ സർവേ നടത്തിയത്.

സർവ്വെയ്ക്കായി സമീപിച്ചവരിൽ 38 ശതമാനം പേർക്കും സ്വന്തമായി വീടില്ലായിരുന്നു. ഇവരിൽ, ഭാവിയിൽ ഒരു വീട് വാങ്ങാൻ കഴിയുമെന്ന് വിശ്വസിക്കുന്നത് 25% പേർ മാത്രമാണ്. വീട് വാങ്ങാൻ കഴിയാത്തതിന്റെ പ്രധാന കാരണം വീടിൻ്റെയും കോണ്ടോയുടെയും ഉയർന്ന വിലകളാണ്. 80 ശതമാനം പേരും വളരെ ഉയർന്ന വിലയാണെന്നാണ് അഭിപ്രായപ്പെട്ടത്. ഡൗൺ പേയ്‌മെൻ്റിന് ആവശ്യമായ പണം സ്വരൂപിക്കുന്നതാണ് പ്രധാന പ്രശ്നമെന്ന് 20 ശതമാനം പേർ വ്യക്തമാക്കി. താങ്ങാനാവുന്ന വീടുകൾ കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണെന്നാണ് ടൊറൻ്റോ നിവാസികളിൽ 83 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ജി.ടി.എയിൽ 73 ശതമാനം പേർക്കും ഇതേ അഭിപ്രായമാണുള്ളത്. നേരത്തെ നടത്തിയ ഒരു സർവേയിൽ, കുടിയേറ്റക്കാർ മൂലമുള്ള ജനസംഖ്യാ വർദ്ധനവാണ് ഭവനപ്രതിസന്ധി രൂക്ഷമാകാനുള്ള പ്രധാന കാരണമെന്ന് 58 ശതമാനം പേർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പുതിയ സർവേയിൽ ഇത് 65 ശതമാനമായി ഉയർന്നു.