അമേരിക്കയിൽ വിസ നിയമങ്ങൾ കടുപ്പിക്കുന്നു: ആരോഗ്യപ്രശ്നങ്ങളുള്ള കുടിയേറ്റക്കാർക്ക് തിരിച്ചടി

By: 600110 On: Nov 10, 2025, 9:35 AM

അമേരിക്കയിൽ വിസ നിയമങ്ങൾ കടുപ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങളുള്ള കുടിയേറ്റക്കാർക്ക് ഇത്  തിരിച്ചടിയായേക്കും. ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ചില ആരോഗ്യപ്രശ്നങ്ങളുള്ള വിദേശ പൗരന്മാർക്ക് യുഎസ് വിസയും ഗ്രീൻ കാർഡും നിഷേധിച്ചേക്കാം. ഹൃദയ സംബന്ധമായ രോഗങ്ങൾ, കാൻസർ, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, നാഡീ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി തുടങ്ങിയ ദീർഘകാല രോഗങ്ങൾ ഉള്ളവർക്കാണ് ഇത് പ്രധാനമായും ബാധകമാകാൻ സാധ്യത. ഇങ്ങനെയുള്ളവർ യുഎസ് സർക്കാരിൻ്റെ പൊതു സുരക്ഷാ പദ്ധതികളെ ആശ്രയിക്കാൻ സാധ്യതയുണ്ട്. അത് രാജ്യത്തിൻ്റെ സാമ്പത്തിക സ്രോതസ്സുകൾക്ക് ഭാരമാകും എന്ന കാഴ്ചപ്പാടിലാണ് പുതിയ നീക്കം. 

ഈ രോഗങ്ങൾക്ക് ലക്ഷക്കണക്കിന് ഡോളർ വരെ ചെലവ് വരുന്ന ചികിത്സ ആവശ്യമായി വരും എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ്  പറയുന്നു. യുഎസ് സർക്കാരിൻ്റെ സഹായമില്ലാതെ സ്വന്തം ചികിത്സാ ചെലവുകൾ വഹിക്കാൻ അപേക്ഷകന് ശേഷിയുണ്ടോ എന്ന് വിസ ഉദ്യോഗസ്ഥർ വിലയിരുത്തും. മാത്രമല്ല, അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കും. ഈ നീക്കം വിവേചനപരവും ഏകപക്ഷീയമായ തീരുമാനങ്ങളിലേക്ക് നയിക്കുന്നതുമാണെന്ന് വിമർശകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിൻ്റെ കുടിയേറ്റ നിയന്ത്രണ നടപടികളിലെ ഏറ്റവും ശക്തമായ നീക്കമാണ് ആരോഗ്യപരമായ കാരണങ്ങളാൽ വിസ നിഷേധിക്കുന്നത്.