ഡോ. തോമസ് മാത്യു ജോയ്‌സ്
ഒരിക്കലും തളരില്ല, സഹിക്കാന്‍ പറ്റാതെ വരുമ്പോഴാണ് കരയുന്നത്', കണ്ണീരോടെ അനുമോള്‍ പറഞ്ഞത് പ്രേക്ഷകരുടെ കണ്ണ് നിറച്ചിരിക്കാം. എന്നാല്‍ നൂറാം ദിവസം വിജയിയായി ട്രോഫിയും സമ്മാനത്തുകയും ഏറ്റുവാങ്ങി നില്‍ക്കുന്ന അനുമോള്‍ മലയാളി മനസ്സുകളെ കുളിരണിയിച്ചു.
ഓഗസ്റ്റ് 3 ന് താരനിബിഡമായ ഒരു പ്രീമിയറോടെ ആരംഭിച്ച മോഹന്‍ലാല്‍ അവതാരകനായ ഷോ, വിവിധ മേഖലകളില്‍ നിന്നുള്ള 19 മത്സരാര്‍ത്ഥികളുമായി ചെന്നൈയിലെ വിപുലമായ സെറ്റില്‍ ആരംഭിച്ചു. 100 ദിവസത്തെ റിയാലിറ്റി യാത്രയായി ആസൂത്രണം ചെയ്ത ഈ ഷോയില്‍ ആഴ്ചതോറും പങ്കെടുക്കുന്നവരെ ഒഴിവാക്കുകയും ക്രമേണ അഞ്ചോ ആറോ ഫൈനലിസ്റ്റുകളായി മത്സരിക്കുന്നവരെ മത്സരത്തിലേക്ക് ചുരുക്കുകയും ചെയ്തു. വിജയി ബിഗ് ബോസ് മലയാളം സീസണ്‍ 7 ട്രോഫി മാത്രമല്ല, മനോഹരമായ ഒരു ക്യാഷ് പ്രൈസും കൂട്ടത്തില്‍ മാരുതി സുസുക്കി വിക്ടോറിസ് എസ്യുവിയും, അപാരമായ ജനപ്രീതിയുടെ വാഗ്ദാനവും നേടുന്ന ഒരു വമ്പന്‍ റിയാലിറ്റി ഷോ ആയി മാറി.
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്, നവംബര്‍ 9 ഞായറാഴ്ച തിരശ്ശീല വീണു. വൈകുന്നേരം 7 മണി മുതലാണ് ഗ്രാന്‍ഡ് ഫിനാലെ ആരംഭിച്ചത്.
ബോസ് മലയാളം ഏഴാം സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെക്ക് വേണ്ടിയുള്ള ആവേശപൂര്‍വ്വമായ കാത്തിരിപ്പ് അവസാനിച്ചു . 100 ദിവസം നീണ്ട ഈ യാത്രയില്‍ ആരു നേടും? ആരു വീഴും? ആര് വിജയ കിരീടം ചൂടും? അതറിയാനാണ് ഇതുവരെ കാത്തിരിപ്പ്. അപ്രതീക്ഷിതമായ എവിക്ഷനുകളും നാടകീയതയും വികാരവിക്ഷോഭങ്ങളും നിറഞ്ഞ ഗ്രാന്‍ഡ് ഫിനാലെ എന്ന അന്തിമപോരാട്ടം ലൈവായി കാണാനാണ് ബിഗ് ബോസ് പ്രേക്ഷകര്‍ ഒന്നടക്കം കാത്തിരുന്നത്. അനീഷ്, അക്ബര്‍, അനുമോള്‍, ഷാനവാസ്, നെവിന്‍ എന്നിവരാണ് ഫൈനല്‍ ഫൈവിലെത്തിയ മത്സരാര്‍ത്ഥികള്‍.
പലതു കൊണ്ടും നാറിയ എപ്പിസോഡുകളും കുതികാല്‍ വെട്ടുകളും, എല്ലാവരും ചേര്‍ന്ന് ജയിക്കാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥിയെ വാക്ശരങ്ങളാല്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും, മത്സരാര്‍ത്ഥികളുടെ പൊതുവിജ്ഞാനക്കുറവ് തുറന്നുകാട്ടുന്നതിലും, സ്വവര്‍ഗ്ഗ അനുരാഗികളെ പൊതുവെ അംഗീകരിപ്പിക്കാന്‍ ശ്രമിച്ചിട്ടും മത്സരാര്‍ത്ഥികളുടെ അനൗചിത്യ കുടിലസ്വഭാവത്താല്‍ വെറുപ്പ് നേടിയതുമൊക്കെ ഈ 'ഏഴിന്റെ പണിയുടെ' ഭാഗങ്ങളായിരുന്നു.
2019 മുതല്‍ 2022 വരെ ഫ്‌ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഗെയിം ഷോ സ്റ്റാര്‍ മാജിക് (ടമാര്‍ പടാര്‍ - സീസണ്‍ 2) യില്‍ അനുമോള്‍ അവതരിപ്പിച്ചു. 2022 മുതല്‍ ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാര്‍ കോമഡി മാജിക് എന്ന ഗെയിം ഷോയുടെ രണ്ടാം സീസണിലെ അഭിനേതാവായിരുന്നു.
അനുമോള്‍ എന്ന അനുകുട്ടി, സത്യ എന്ന പെണ്‍കുട്ടിയിലെ സീതാ ചന്ദ്രയിലും (2019), ഏഷ്യാനെറ്റിലെ പടത്ത പൈങ്കിളിയിലെ അവന്തികയിലും (2023), ഫ്ളവേഴ്സ് ടിവിയിലെ സുരഭിയും സുഹാസിനിയും (2022) തന്റെ മികച്ച പ്രകടനങ്ങളുടെ ഉദാഹരണങ്ങളാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്റെ അന്ത്യത്തിലേക്ക് അടുക്കുമ്പോള്‍, മത്സരാര്‍ത്ഥിയായ അനുമോള്‍ കപ്പ് നേടുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ശക്തമായ പി.ആര്‍. വര്‍ക്ക് അനുമോള്‍ക്ക് വേണ്ടി നടക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. പി ആറിനു വേണ്ടി അനുമോള്‍ 16 ലക്ഷം രൂപയോളം ചെലവഴിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സീസണിലെ മത്സരാര്‍ത്ഥിയായ ബിന്നിയും ഈ ആരോപണം ഹൗസിനുള്ളില്‍ ഉന്നയിച്ചിരുന്നു.
എന്തുപറഞ്ഞാലും, മികച്ച പ്രകടനത്തിന്റെ ബലത്തിലാണല്ലോ ഏറ്റവും കൂടുതല്‍ പൊതുജന വോട്ടു നേടി, പ്രേക്ഷകരുടെ പ്രീതി നേടി അനുമോള്‍ വിജയകിരീടം നേടിയതെന്ന് പ്രേക്ഷകര്‍ക്ക് അഭിമാനിക്കാം.
അനുമോള്‍ക്ക് സസന്തോഷം അഭിനന്ദനങ്ങള്‍.