അധ്യാപക സമരം അവസാനിപ്പിച്ച നിയമത്തെ ന്യായീകരിച്ച് ആൽബർട്ട പ്രീമിയർ

By: 600110 On: Nov 10, 2025, 6:43 AM

 

ആൽബർട്ടയിലെ അധ്യാപക സമരം അവസാനിപ്പിച്ച പുതിയ നിയമത്തെ ന്യായീകരിച്ച് ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് രംഗത്ത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് തീരുമാനങ്ങൾ എടുക്കേണ്ടതെന്നും അല്ലാതെ കോടതികളല്ലെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു. സർക്കാരിന് തെറ്റുപറ്റിയാൽ വോട്ടർമാർക്ക് അത് തിരഞ്ഞെടുപ്പിലൂടെ തിരുത്താവുന്നതാണെന്നും സ്മിത്ത് പറഞ്ഞു.

മൂന്നാഴ്ചയോളം നീണ്ടുനിന്ന സമരം 7,40,000-ത്തിലധികം വിദ്യാർത്ഥികളെ ബാധിച്ചതിരുന്നു. ഇതേ തുടർന്ന് 'നോട്ട് വിത്ത്സ്റ്റാൻഡിംഗ് ക്ലോസ്' എന്ന പ്രത്യേക നിയമം ഉപയോഗിച്ച് വളരെ വേഗത്തിലായിരുന്നു സമരം അവസാനിപ്പിക്കാനുള്ള നിയമം പാസാക്കിയത്. ക്ലാസിലെ കുട്ടികളുടെ എണ്ണവുമായി ബന്ധപ്പെട്ട വിഷയങ്ങളടക്കം പരിഹരിക്കുന്നതിനായി അധ്യാപകരുമായി ചേർന്ന് സർക്കാർ പ്രവർത്തിക്കുമെന്ന് സ്മിത്ത് പറഞ്ഞു. പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താനും വിദ്യാഭ്യാസം മെച്ചപ്പെടുത്താനുമായി അധ്യാപകരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും സ്മിത്ത് വ്യക്തമാക്കി.

എന്നാൽ പുതിയ നിയമം അധ്യാപകരുടെ അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ആൽബെർട്ട ടീച്ചേഴ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് പ്രധാനമാണെന്ന് അധ്യാപക യൂണിയൻ നേതാവ് വ്യക്തമാക്കി. പുതിയ നിയമം അധികാര ദുർവിനിയോഗമാണെന്ന് ആരോപിച്ച് തൊഴിലാളി ഗ്രൂപ്പുകൾ, മനുഷ്യാവകാശ സംഘടനകൾ തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.