2018 ജനുവരിയിൽ ഒൻ്റാരിയോയിലെ മിസ്സിസാഗയിൽ, തിരക്കേറിയ ഹൈവേയിൽ അപകടത്തിന് ഇടയാക്കിയ പാകിസ്ഥാനി പൌരൻ യാസിർ ബെയ്ഗിൻ്റെ കേസ് വീണ്ടും പരിഗണിക്കണമെന്ന് കോടതി. ഇമ്മിഗ്രേഷൻ അപ്പീൽ ഡിവിഷൻ്റെ തീരുമാനത്തിൽ പിഴവുകൾ കണ്ടെത്തിയ ഫെഡറൽ കോടതി ജഡ്ജി, ബെയ്ഗ് വീണ്ടും കുറ്റം ചെയ്യാനുള്ള സാധ്യത കുറവാണെന്ന വാദം പരിഗണിച്ചു. കൂടാതെ, ബെയ്ഗിൻ്റെ കുട്ടികൾ പാകിസ്താനിലേക്ക് പോകേണ്ടി വന്നാൽ അവർ അഭിമുഖീകരിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ IAD വേണ്ടത്ര പരിഗണിച്ചില്ലെന്നും ജഡ്ജി വ്യക്തമാക്കി.
2018 ജനുവരിയിലാണ് യാസിർ ബെയ്ഗ് എന്ന പാകിസ്താൻ കുടിയേറ്റക്കാരൻ്റെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം, അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് മാരകമായ അപകടമുണ്ടായത്. ഈ അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട ബെയ്ഗ് പിന്നീട് പോലീസിൽ കീഴടങ്ങി. 2022 ഒക്ടോബറിൽ അപകടകരമായ ഡ്രൈവിംഗ് മൂലം മരണമുണ്ടാക്കിയതിന് അദ്ദേഹം കുറ്റസമ്മതം നടത്തുകയും ജയിൽ ശിക്ഷയ്ക്കും ഡ്രൈവിംഗ് വിലക്കിനും വിധേയനാവുകയും ചെയ്തു. ഈ കുറ്റകൃത്യത്തെ തുടർന്ന്, 2024 മെയ് മാസത്തിൽ ബെയ്ഗിനെ നാടുകടത്താൻ കാനഡ ഉത്തരവിട്ടു.
ഇതേ തുടർന്ന് ബെയ്ഗ് തൻ്റെ കുടുംബത്തെയും സ്വഭാവ മാറ്റത്തിനുള്ള സാധ്യതകളെയും ചൂണ്ടിക്കാട്ടി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കാനഡയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കി. എന്നാൽ പൊതുസുരക്ഷയ്ക്ക് ഇപ്പോഴും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ അപ്പീൽ ഡിവിഷൻ അദ്ദേഹത്തിൻ്റെ അപേക്ഷ ആദ്യം തള്ളിക്കളഞ്ഞിരുന്നു.
എങ്കിലും, IAD-യുടെ തീരുമാനത്തിൽ പിഴവുകൾ കണ്ടെത്തിയ ഫെഡറൽ കോടതി ജഡ്ജി കേസ് വീണ്ടും പരിഗണിക്കണമെന്ന് ഉത്തരവിടുകയായിരുന്നു. ബെയ്ഗിൻ്റെ ഭാര്യയുടെ മൊഴി പ്രകാരം, കുട്ടികൾക്ക് ഉറുദുവോ പഞ്ചാബിയോ സംസാരിക്കാനറിയില്ല, അവർക്ക് പ്രത്യേക പഠന ആവശ്യങ്ങളുമുണ്ട്. അതിനാൽ പാകിസ്താനിൽ അവർക്ക് ഭാഷാപരമായും വിദ്യാഭ്യാസപരമായും ബുദ്ധിമുട്ടുണ്ടാകും. ഇതുൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.