മ്യൂസിക് കൺസേർട്ടിന് പോയ യുവതിയുടെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി; ഹൃദയാഘാതം സംഭവിച്ചതായി കുടുംബം

By: 600110 On: Nov 8, 2025, 7:33 AM

 എഡ്‌മൻ്റണിൽ ഒരു സംഗീത പരിപാടിക്ക് പോയ യുവതിയുടെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തിയതിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോർട്ട്. സെപ്റ്റംബർ 29-ന് Korn ബാൻഡിൻ്റെ കൺസേർട്ട് കാണാനെത്തിയ ലിലിയാന വില്ലാൾട്ട എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. അമ്മയോടൊപ്പം കൺസേർട്ട് കാണാനെത്തിയ ലിലിയാന താൻ കുടിച്ച ഐസ്ഡ് ടീയിൽ ആരോ മയക്കുമരുന്ന് കലർത്തിയെന്നാണ് വിശ്വസിക്കുന്നത്.

കൺസേർട്ടിൻ്റെ തുടക്കത്തിൽ തന്നെ തനിക്ക് ചുറ്റുമുള്ള ആളുകൾ അനാവശ്യമായി സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തതിനെ തുടർന്ന് സുരക്ഷാ ജീവനക്കാരെ സമീപിച്ചപ്പോഴാണ് ലിലിയാനയ്ക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്. സുരക്ഷാ ജീവനക്കാർ മദ്യപാനം മൂലമാണ് അസ്വസ്ഥതയെന്ന് പറഞ്ഞ് ലിലിയാനയെ പുറത്താക്കിയെങ്കിലും, അപ്പോഴേക്കും കാര്യങ്ങൾ വഷളായിരുന്നു. ​പിന്നീട് അബോധാവസ്ഥയിലായ ലിലിയാനയെ കാമുകനാണ് കണ്ടെത്തുന്നത്. രാത്രിയോടെ ഹൃദയാഘാതം സംഭവിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ലിലിയാന സുഖം പ്രാപിച്ചു വരുന്നതേയുള്ളൂ. സംഭവിച്ചതിനെക്കുറിച്ച് പൂർണ്ണമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ, ഇത്തരം മയക്കുമരുന്നുകൾക്ക് മണമോ രുചിയോ ഇല്ലാത്തതിനാൽ പാനീയങ്ങൾ ശ്രദ്ധിക്കണമെന്നും, പുറത്ത് പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും  യുവതി പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.