ലോകത്തെ ഏറ്റവും വിഷകരമായ മരങ്ങളിലൊന്നാണ് മഞ്ചിനീല്‍. മരണത്തിന്റെ മരം എന്നറിയപ്പെടുന്നതാണ് അമേരിക്കന്‍ വന്‍കകരകളില്‍ കാണപ്പെടുന്ന മഞ്ചിനീല്‍ മരം. ലോകത്തിലെ ഏറ്റവും അപകടകാരിയായ വൃക്ഷമായി മഞ്ചിനീല്‍ വിലയിരുത്തപ്പെടുന്നു. ചെറിയ ആപ്പിള്‍ എന്നര്‍ത്ഥം വരുന്നതാണ് മഞ്ചിനീല്‍ എന്ന വാക്ക്. ഈ മരത്തിന്റെ കായകള്‍ ആപ്പിളുകളെപ്പോലെയുള്ളവയാണ്.
ഈ മരത്തിന്റെ വെളുത്ത കറയില്‍ അനേകം വിഷവസ്തുക്കളുണ്ട്. ഇതിന്റെ തൊലിയിലും ഇലകളിലും പഴത്തിലുമൊക്കെ ഈ കറയുണ്ട്. ശരീരത്തില്‍ തൊട്ടാല്‍ ഇത് പൊള്ളലും തടിപ്പുമൊക്കെയുണ്ടാക്കും. ഏകദേശം 50 അടിയോളം പൊക്കത്തില്‍ മഞ്ചിനീല്‍ വളരും. ചുവപ്പും ചാരനിറവും ചേര്‍ന്ന തൊലിയും പച്ചയും മഞ്ഞയും ഇടകലര്‍ന്ന പൂക്കളും തിളക്കമുള്ള പച്ച ഇലകളും ഇതിനുണ്ട്.
കരീബിയ, അമേരിക്ക, മധ്യ അമേരിക്ക, തെക്കേ അമേരിക്കയുടെ ഉത്തരമേഖല എന്നിവടങ്ങളിലൊക്കെ ഈ മരങ്ങള്‍ കാണപ്പെടാറുണ്ട്. ഇതിന്റെ പഴം കഴിച്ചാല്‍ വയറ്റിലും മറ്റും കടുത്ത പൊള്ളലും മറ്റുമുണ്ടാകാം. ഇത് മരണവും സംഭവിക്കാം. ഈ മരം നില്‍ക്കുന്നിടത്ത് അപായ ബോര്‍ഡുകള്‍ ചില രാജ്യങ്ങള്‍ വയ്ക്കാറുണ്ട്. യാത്രക്കാര്‍ക്കും മറ്റും മുന്നറിയിപ്പ് നല്‍കാനായാണ് ഇത്.