ഡിഎന്‍എ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു 

By: 600002 On: Nov 8, 2025, 3:52 AM

 


അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ നിര്‍ണായക കണ്ടെത്തലായ ഡിഎന്‍എ ഡബിള്‍ ഹീലിക്‌സ് കണ്ടെത്തിയതിലൂടെ ശ്രദ്ധേയനായി. ഫ്രാന്‍സിസ് ക്രിക്കിനൊപ്പമാണ് ജനിതക ഘടനയുമായി ബന്ധപ്പെട്ട കണ്ടെത്തല്‍ നടത്തിയത്. 1962 ല്‍ വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടി.

24ാം വയസിലായിരുന്നു ജെയിംസ് വാട്‌സണ്‍ നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. ജീവികളുടെ ജനിതക ഘടനയില്‍ മാറ്റം വരുത്തുക, രോഗികള്‍ക്ക് ജീനുകള്‍ നല്‍കി ചികിത്സിക്കുക, ഡിഎന്‍എ സാമ്പിളുകളില്‍ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, തുടങ്ങിയവയ്‌ക്കെല്ലാം വാട്‌സന്റെ കണ്ടെത്തലുകള്‍ സഹായമായി. ''ജീവിതത്തിന്റെ രഹസ്യം ഞങ്ങള്‍ കണ്ടെത്തി,'' എന്നായിരുന്നു നിര്‍ണായക കണ്ടെത്തലില്‍ ജെയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും പ്രതികരിച്ചത്.

.