ജോയ്‌സ് വര്‍ഗീസ്(കാനഡ)
മരക്കസേരയില്‍ ചാഞ്ഞിരുന്ന് നിങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ച് കേള്‍ക്കണമല്ലിയോ എന്ന് ചോദിച്ച് മാത്തു അപ്പൂപ്പന്‍ ഉറക്കെ ചിരിച്ചു. അല്പം കലങ്ങിയെങ്കിലും മുഴക്കമുള്ള സ്വരത്തിന്റെ മൂര്‍ച്ചയ്ക്ക് തന്റെ ചുറ്റുമിരിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കെല്‍പുണ്ടായിരുന്നു. തന്നിലേക്ക് ചൂഴുന്ന കണ്ണുകളെ നരച്ച കൃഷ്ണമണികള്‍കൊണ്ട് തഴുകി അയാള്‍ വീണ്ടും ഉറക്കെ ചിരിച്ചു.
പരീക്ഷാക്കാലം ടെന്‍ഷനടിച്ചു തീര്‍ന്നപ്പോള്‍, മൊബൈല്‍ ഫോണ്‍ കൈയില്‍ നിന്നും താഴെ വെക്കാത്ത കുട്ടികളെ എങ്ങനെ ഇതില്‍ നിന്നും മോചിപ്പിക്കാം എന്ന മാതാപിതാക്കളുടെ ഗൂഢാലോചനയിലാണ് പള്ളിയിലെ കൊച്ചച്ചന്‍ പറഞ്ഞത്, പിള്ളേരേ നമ്മുടെ മാത്തു ചേട്ടന്റെയടുത്തൊന്ന് വിട്ടാലോ എന്ന്. ഇന്‍ഫ്‌ളൂവന്‍സേഴ്‌സിന്റെ കാലമല്ലിയോ, മാത്തു ചേട്ടനാണെങ്കില്‍ വേണ്ടത്ര അനുഭവോം കെടക്കണൂന്ന് അച്ചന്‍ പറഞ്ഞപ്പോള്‍ ഒരു പന്ത്രെണ്ടണത്തിനെ ആട്ടി തെളിച്ച് മാത്തു അപ്പൂപ്പന്റെ പടി കയറ്റി.
മനസ്സില്ലാമനസ്സോടെ പടി കയറി വരുന്ന പിള്ളേരെ കണ്ടപ്പോള്‍ മാത്തുവിനല്പം അലോസരം തോന്നി.
'ഈ കൊച്ചച്ചന്‍ എന്തു ഭാവിച്ചിട്ടാ എന്റടുത്തയ്ക്ക് നിങ്ങളെ വിട്ടത്, വല്ല പുണ്യാളന്മാരുടെ അടുത്തക്കല്ലെ നിങ്ങളെ പറഞ്ഞയക്കണ്ടത്? എന്നെപ്പോലെ താന്തോ ന്നികളുടെ ജീവിതം, സ്വപ്നം ഒക്കെ കേള്‍ക്കണോ നിങ്ങള്‍ക്ക്?, തിണ്ണയിലെ സിഗരറ്റ് കൂടില്‍ നിന്നും തപ്പിയെടുത്ത സിഗരറ്റിന് തീ പിടിപ്പിച്ച് മാത്തു മൂളി.
'വേണം... മാത്തു അപ്പൂപ്പന്‍ പറഞ്ഞാ മതി, ഞങ്ങള് കേട്ടോളാം. പിന്നെ ഈ തൃശ്ശൂര് അധികം പുണ്യാളന്മാരില്യാന്ന് തോന്നുന്നു', മുടി നെറുകയില്‍ നീളത്തില്‍ വെട്ടി പരത്തിയിട്ട ആണ്‍കുട്ടി, താന്തോന്നിയില്‍ സ്പാര്‍ക്കില്‍ ഉടക്കി കൗണ്ടറടിച്ചു. മാത്തുവിന് ചെക്കനെ നന്നായി പിടിച്ചൂന്ന് പറഞ്ഞാല്‍ മതിയല്ലോ.
പിന്നെ സൂസന്ന അമ്മാമ്മയോട് പിള്ളേര്‍ക്ക് ഐസ്‌ക്രീം കൊടുക്കാന്‍ വിളിച്ചു പറഞ്ഞു പുകയൂതി. മാത്തുവിന്റെ മൊഴിമുത്തുകള്‍ക്ക് കാത്തിരിക്കുന്ന പിള്ളേര്‍ ചെവിയില്‍ പറഞ്ഞു.
'ഓള്‍ഡ് ഈസ് ഗോള്‍ഡ്, പഴയ മോഡലാണെങ്കിലും പിക്കപ്പ് ഉണ്ട്‌ട്ടോ '.
വായ പൊത്തിപ്പിടിച്ചിട്ടും തെറിച്ചു വീണ ചിരിയുടെ തുണ്ട് പിടിച്ചെടുത്ത് മാത്തു.
'കണ്ണ് ലേശം മങ്ങ്യാലും, ചെവി ഈ എണ്‍പതിലും നല്ല പിക്കപ്പാ കുട്ടാ'.
കമന്റടിച്ചവന്റെ കണ്ണിലെ പരിഭ്രമം ചൂണ്ടി മാത്തു ചിരിച്ചു.
'ദാ... ഇപ്പ ഒരു മൊട്ട പൊട്ടി'
'മൊട്ട്യോ?, കുട്ടികള്‍ പരസ്പരം നോക്കി.
'അതേടാ... ജീവിതംന്ന് പറഞ്ഞാ അങ്ങന്യാ... ഒരു കൊട്ട മൊട്ട തലേല്‍ ചോന്ന് നടക്കാണ് നമ്മള്. ചിലത് എടയ്ക്ക് പൊട്ടും, അതിന് നിങ്ങളെന്താ പറയ്വാ? നഷ്ടസ്വപ്നങ്ങള്. പൊട്ടാത്തത് അങ്ങാടീല് എത്തും, വിറ്റ് കാശാക്കാം. ആശിക്കണത് എല്ലാം നടക്കില്ല, പക്ഷെ വിചാരിക്കാത്തത് പലതും നടന്നൂന്ന് വരും, ശര്യല്ലേ?' കുട്ടികള്‍ അയാളുടെ നേരെ നോക്കി, തലയാട്ടി.
ഒളിച്ചും പതുങ്ങിയും അവരുടെ വിരലുകള്‍ തടവിക്കൊണ്ടിരുന്ന സെല്‍ഫോണുകള്‍ പോക്കറ്റില്‍ തിരുകി കുട്ടികള്‍ വൃദ്ധന്റെ വാക്കുകള്‍ക്ക് ചെവികൂര്‍പ്പിച്ചു.
'വാ... നമുക്ക് അകത്തിരിക്കാം, വെയില്‍ കനക്കുന്നുണ്ട്, നിങ്ങള്‍ കുട്ട്യോള്‍ക്ക് ഈ വെയിലു കൊണ്ടൊന്നും ശീലമില്ലല്ലോ ', മാത്തു നടുവകത്തെ വലിയ സോഫയിലിരിക്കാന്‍ കുട്ടികളോട് ആംഗ്യം കാണിച്ചു
'നിങ്ങള്‍ കടന്നുവന്ന മതിലില്‍ എഴുതിയിരിക്കുന്ന ആറ്റുപ്പുരക്കാരന്‍ വീട് എന്റെ ഒരു സ്വപ്നാണ്, പല പ്രാവശ്യം എന്നെ തട്ടിയെറിഞ്ഞ സ്വപ്നം.'
'അപ്പൂപ്പാ എന്താണ്ടായേ? ജീന്‍സിന്റെ ടോപ്പ് വലിച്ചിട്ട് ഏയ്ഞ്ചല്‍ മരിയ വ്യസനം മുറ്റി ചോദിച്ചു.
'പറയാലോ... തോക്കിന്റെ എടേല് കേറരുത് ട്ടോ ', മാത്തുവിന്റെ ഒന്നാം മുറയില്‍ കുട്ടികള്‍ അടങ്ങിയിരുന്നു.
'കുറെ പണ്ടത്തെ കാലം, ഒരു എണ്‍പത് കൊല്ലത്തിലും മുമ്പ് നടന്ന കാര്യാണ്. എന്റെ അമ്മ ശോശാമ്മേടെ ചന്തം കണ്ട് വല്യാണ്ട് പൊന്നും പണോം ചോദിക്ക്യാണ്ട് ആററുപ്പുരക്കാര് കെട്ടിക്കൊണ്ടു പോയപ്പോള്‍, അമ്മേടെ തറവാട്ടില് പെരുന്നാളായിരുന്നു. പച്ച പതക്കമാലേം, വേപ്പിലഉഷ മാലേം കട്ടിസ്വര്‍ണ്ണത്തില് പണിതീര്‍ത്ത് കൊണ്ടുവന്നു കെട്ടിക്കൊണ്ടുപോയ ചേര്‍പ്പിലെ തറവാടികളുടെ സ്വത്തിന്റെ അന്തസ്സ് പറയാനെ എന്റപ്പൂപ്പന് നേരം ഉണ്ടായിരുന്നുള്ളൂത്രേ. പക്ഷെ വിരുന്ന് കഴിഞ്ഞ് വന്ന അമ്മയുടെ മൊഖത്തെ വാട്ടം കണ്ടിട്ട് വീട്ടില് ആകെ അങ്കലാപ്പായി. എപ്പഴും മരുന്നു കുടിച്ചു കെടക്കണ കെട്ട്യോന് കലശലായ എന്തോ സൂക്കേടുണ്ടോന്ന് എന്റമ്മക്ക് തോന്നിത്തുടങ്ങി. മാസങ്ങള് അങ്ങട് ശടേന്ന് കഴിഞ്ഞുപ്പോയി. വല്യ തറവാടിന്റെ കിഴക്കെപ്പുറത്തെ പണിക്കാരിത്തി പെണ്ണുങ്ങള് കററ മെതിക്കണതിന്റെ ഇടയില് അടക്കം പറയണ കേട്ട എന്റമ്മ ഞെട്ടി, വയറ്റില് കെടക്കണ എനിക്ക് അപ്പനെ അധികകാലം കാണാന്‍ കിട്ടില്യാത്രേ. മദിരാശീലെ വല്യ ആശൂത്രീന്ന് മടക്കി വിട്ട സൂക്കേടാണ്. ഏറ്യാ രണ്ടു കൊല്ലം. അങ്ങനെ എനിക്ക് ഒരു വയസ് തെകയും മുമ്പ് എന്റപ്പനെ സൂക്കേട് കൊണ്ടുപോയി. ആണ്ട് കഴിഞ്ഞേപ്പോ എന്നേം അമ്മ്യേന്യേം കാറില് കേറ്റി തിരിച്ചു അമ്മേടെ വീട്ടിലെത്തിച്ചു. '
അങ്ങനെ വല്യ തറവാടീടെ കൊച്ചു മോന്‍ എന്ന മൊട്ട പൊട്ടി '. ഒരു ചിരിയുടെ കിലുക്കം അയാള്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കുട്ടികള്‍ നിശ്ശബ്ദരായി അയാളെ നോക്കി. നോവിന്റെ കയങ്ങള്‍ അവരുടെ കണ്ണുകള്‍ തേടി ചെല്ലുന്നുണ്ടായിരുന്നു.
'ഏയ് നിങ്ങള് വെഷമിക്കണ്ട പിള്ളേരേ... ജീവിതം ഇങ്ങന്യാ... ഇന്ന് ഇത്ര മതി, നിങ്ങള് ആ ഐസ് ക്രീം ഒക്കെ തിന്നു തീര്‍ക്ക്, നാളെ പറയാനും വല്ലതും വേണ്ടേ?
പിറ്റേന്ന് പറഞ്ഞ സമയത്തിലും നേരത്തെയെത്തിയ കുട്ടികളോട് മാത്തുവിനും സൂസന്നക്കും വാത്സല്യം തോന്നിത്തുടങ്ങിയിരുന്നു. അവരുടെ ചിരിയിലും കളിയിലും കാലം തിരിച്ചു പറന്നു.
'അമ്മവീട്ടില് തിരിച്ചുവന്നിട്ട് എന്താ ഉണ്ടായേ', കഥയുടെ ചരടു മുറിഞ്ഞിടുത്തു നിന്നു കൂട്ടിക്കെട്ടാന്‍ അവര്‍ അയാളെ നിര്‍ബ്ബന്ധിച്ചു.
' എന്തൂട്ട് ഉണ്ടാവാനാ... അര്‍ഹതയില്ലാത്തിടത്തു വലിഞ്ഞു കയറിയ കുട്ട്യായി ഞാന്‍. കൂലി കൊടുക്കേണ്ടാത്തതു കൊണ്ട് അമ്മയെ അടുക്കളയിലും പറമ്പിലും പണികള്‍ ഏല്പിക്കാന്‍ അമ്മായിമാരും മത്സരിച്ചു. അവരെ പറഞ്ഞിട്ടും കാര്യല്യ.'
കുറച്ചു തെങ്ങിന്‍ പുരയിടവും പത്തുപതിനഞ്ചു പറ നെല്‍കൃഷിയുമായി കഴിഞ്ഞുകൂടുന്ന ഒരു വലിയ കുടുംബത്തിനു ആ അമ്മയും മകനും അധികച്ചിലവ് എന്ന് തോന്നി. തേങ്ങ കൂട്ടിയിട്ടിരുന്ന കുടുസ്സു മുറിയിലെ കയറുക്കട്ടിലില്‍ അമ്മയുടെ പഴയ ചട്ടയും മുണ്ടിനുമുള്ളിലെ മെലിഞ്ഞ ശരീരത്തില്‍ നിന്നുമുതിര്‍ന്ന നെടുവീര്‍പ്പുകളും നനവു പടര്‍ത്തിയ കവിളുകളും മാത്തുക്കുട്ടിയുടെ തീരാവേദനയുമായി.
മിടുക്കനായി പഠിച്ചിട്ടും ഒന്നാം പാഠം ചീന്തി പോയ പുസ്തകങ്ങളും പഴയ ഉടുപ്പുകളുമായി സര്‍ക്കാര്‍ സ്‌കൂളിലേക്ക് ചെരിപ്പില്ലാതെ ചെമ്മണ്‍ പാതയിലൂടെ അവന്‍ നടന്നു. പേരിന്റെ അറ്റത്തെ വാലായി തറവാടി പേരു മാത്രം അവന്റെ സ്വന്തമായിരുന്നു.
മിടുക്കനായി പഠിച്ച് വക്കീലാകുന്നതും കറുത്ത കോട്ടിട്ട് കോടതിയില്‍ വാദിച്ചു ജയിക്കുന്നതും കൈ നിറയെ ഫീസ് വാങ്ങി അമ്മക്ക് വലിയ വീടു വെച്ചു കൊടുക്കുന്നതും അവന്‍ സ്വപ്നം കണ്ടു.
സ്‌ക്കൂള്‍ ഫൈനല്‍ ഒന്നാം തരത്തില്‍ ജയിച്ചിട്ടും ആരും തന്നെ കോളേജില്‍ ചേര്‍ക്കാതിരുന്നപ്പോള്‍ ലോകത്തോടു തന്നെയവന് വൈരാഗ്യം തോന്നി തുടങ്ങിയിരുന്നു. എളുപ്പം ജോലി കിട്ടാന്‍ കൈത്തൊഴില്‍ പഠിക്കാന്‍ തൃശ്ശൂര്‍ ജില്ലയിലെ ആദ്യത്തെ ട്രേഡ് സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍, അന്നത്തെ യുവാവിന് നിരാശയായിരുന്നു. അങ്ങനെ പഠിത്തം ഉഴപ്പി നടക്കുമ്പോളാണ് ഓശാന പെരുന്നാളിന് കുരുത്തോല പ്രദക്ഷിണത്തില്‍ തന്നെ നോക്കി ചിരിക്കുന്ന പെണ്‍കുട്ടിയെ കാണുന്നത്. കഥ ഇത്രയെത്തിയപ്പോള്‍ കൗമാരത്തുടിപ്പുകള്‍ അവരുടെ കവിളുകളില്‍ ചേക്കറുന്നത് മാത്തുവും സൂസന്നയും കണ്ടു.
'ആരാ ആ പെണ്‍കുട്ടി?, ജിജ്ഞാസ അടക്കാന്‍ വയ്യാതെ കുട്ടികളില്‍ ഒരാള്‍ ചോദിച്ചു.
'ദാ... നില്‍ക്കണു ', വാതില്‍പ്പടിയില്‍ ചാരിയിരിക്കുന്ന സൂസന്നയെ മാത്തു വിരല്‍ ചൂണ്ടി.
'ഹാ... കൊള്ളാലോ..., അവര്‍ ആര്‍ത്തുചിരിച്ചു.
'അമ്മൂമ്മക്ക് അപ്പൂപ്പനെ അത്ര ഇഷ്ടായിരുന്നോ?'
'ഇഷ്ടം ഒക്കെ ഉണ്ടെങ്കിലും അവള് ഉള്ള കാര്യം പറഞ്ഞൂട്ടോ നല്ല ജോലി ആയാല്‍ കല്യാണം കഴിക്കാമെന്നായിരുന്നു ഇവളുടെ കണ്ടീഷന്‍ ', മാത്തു സൂസന്നയെ നോക്കി കണ്ണിറുക്കി.
പിന്നെ ഒരു വെപ്രാളമായിരുന്നു. പരീക്ഷ അടുത്തെത്തി കഴിഞ്ഞിരുന്നു. കിട്ടാവുന്ന പുസ്തകങ്ങളൊക്കെ തേടിപ്പിടിച്ചു പഠിച്ചു. നല്ല സമയം ഉഴപ്പി കളഞ്ഞത് മാര്‍ക്കില്‍ തെളിഞ്ഞു. വെറും രണ്ടാം ക്ലാസ്സില്‍ കഷ്ടിച്ച് ജയിച്ചു കയറി.
ഒരു സ്വപ്നം കൈയെത്തിപ്പിടിക്കാന്‍ വേഗം പൈസ സമ്പാദിക്കാന്‍ എണ്ണപ്പണം തേടി, പത്തേമാരിയില്‍ കയറി ഗള്‍ഫില്‍ പോയി.
'അങ്ങനെ നാലു കൊല്ലം കഴിഞ്ഞപ്പോള്‍, അത്തറു മണക്കുന്ന ഈ പേര്‍ഷ്യക്കാരന് പെണ്ണു കിട്ടി', കുട്ടികള്‍ സന്തോഷ സൂചകമായി ചൂളം വിളിച്ചു.
മരുഭൂമിയിലെ ജോലിയുടെ കടുപ്പം നാട്ടിലുള്ളവര്‍ക്ക് അറിയേണ്ടല്ലോ. എന്നാലും എങ്ങനെയെങ്കിലും പിടിച്ചു നില്ക്കാനുള്ള തത്രപ്പാടിനിടയിലാണ് ജോലി ചെയ്തിരുന്ന കമ്പനി നഷ്ടത്തിലായതും തൊഴിലാളികളെ അവരവരുടെ നാട്ടിലേക്ക് തിരിച്ചയച്ചതും. പകുതി പണി തീര്‍ന്ന വീടിന്റെ ഉമ്മറത്തു മാത്തുവും സൂസന്നയും ഒന്നിച്ചിരുന്നു ഭാവിയിലേക്ക് തുറിച്ചു നോക്കിയ ആ ദിവസങ്ങള്‍ ഓര്‍മ്മിച്ച് സൂസന്ന വിങ്ങിക്കരഞ്ഞു.
'അങ്ങനെ കൊറെ മൊട്ടയങ്ങ്ട് പൊട്ടിപ്പോയി. അയാള്‍ നിശ്വസിച്ചു.
'അയ്യോ... കഷ്ടായി, സോറി അപ്പൂപ്പാ...', അടുത്തിരിക്കുന്ന കുട്ടി മാത്തുവിന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചു.
'ഹേയ്... കഥ ഇനീം കൊറെ ഉണ്ട് മോനേ, വീഴ്ച പറ്റും, വീണോടത്ത് കെടക്കരുത്, എണീറ്റ് ഓടാന്‍ നോക്കണം', മാത്തു ചിരിച്ചു.
ആവേശം കൂടുന്ന ചെറുപ്പത്തില്‍, ഏറെ ആലോചിക്കാതെ തുടങ്ങിയ തുണിക്കച്ചവടം തമിഴന്‍ അണ്ണാച്ചി കാശു വാങ്ങി, ചരക്കിറക്കാതെ മുങ്ങിയതും കച്ചവടം എട്ടു നിലയില്‍ പൊട്ടിയതും പറഞ്ഞവസാനിച്ചപ്പോള്‍ കുട്ടികള്‍ തലയില്‍ കൈ വെച്ചു.
'വീണ്ടും മൊട്ട പൊട്ടീലോ, തുണി ബിസിനസ്സ് നഷ്ടത്തിലായില്ലെ, പിന്നെ അപ്പൂപ്പന്‍ എന്തു ചെയ്തു?'
'ശര്യാ... കൈയിലുള്ള കാശു കൊറെ പോയി, സൂസന്നേടെ പൊന്നു വിറ്റതും പോയി. എന്നാലും ഞാനൊരു കാര്യം പഠിച്ചു. തീരെ അറവില്ലാത്ത കച്ചവടത്തിലൊന്നും എടുത്തു ചാടരുത്, ആദ്യം അതിനെക്കുറിച്ച് പഠിക്കണം. തിരിഞ്ഞോ നിങ്ങള്‍ക്ക് ?
ഉം... അവര്‍ ഒന്നിച്ചു മൂളി.
'പത്താം ക്ലാസ്സില് എന്റെ ഒരേ ബഞ്ചിലിരുന്നു പഠിച്ച മുരളി, വക്കീല്‍ പരീക്ഷ പാസായി തൃശ്ശൂര്‍ കോടതീല് പ്രാക്ട്രീസ് തൊടങ്ങിയിരുന്നു. അവനാ പറഞ്ഞത് നിന്റെ അപ്പന്റെ മൊതലില് അവകാശത്തിന് കേസ് കൊടുക്കാന്‍. കേസിനും കൂട്ടത്തിനൊന്നും അമ്മക്ക് ആദ്യം താല്‍പര്യണ്ടായില്ല. കൊറെ പറഞ്ഞിട്ടാ കേസ് കൊടുക്കാന്‍ സമ്മതിച്ചത്.
'എന്നിട്ട് അപ്പൂപ്പന്‍ കേസ് ജയിച്ചോ?, കുട്ടികള്‍ അറിയാന്‍ തിരക്കുക്കൂട്ടി.
'ജയിച്ചു, പക്ഷെ കേസ് തീരാന്‍ ഒരു പതിനാല് കൊല്ലമെടുത്തു. വാദം, പ്രതിവാദം, കേസ് മാറ്റല്, ഹര്‍ജി, സ്റ്റേ, കീഴ്‌ക്കോടതി, മേല്‍ക്കോടതി എന്നൊക്കെ വ്യവഹാരം തീരാന്‍ കൊറെ കാലതാമസണ്ട് പിള്ളേരെ, അതൊന്നും നിങ്ങള്‍ക്ക് മനസ്സിലാവില്ല. എന്നാലും എന്റമ്മ മരിക്കും മുമ്പ് വിധി അനുകൂലമായി വന്നു. അങ്ങനെയെങ്കിലും ഒരു നീതി എന്റമ്മേടെ കാര്യത്തിലുണ്ടായി', അയാളുടെ സ്വരമിടറി, വാക്കുകള്‍ തേഞ്ഞു തുടങ്ങിയിരുന്നു.
'മക്കള് നാളെ വായോ...അപ്പൂപ്പന് അമ്മേടെ കാര്യം ഓര്‍ത്താല് വല്യാണ്ടാവും അമ്മേനെ അങ്ങേര്‍ക്ക് അത്രക്ക് ഇഷ്ടായിരുന്നു.'
പടിയിറങ്ങി പോകുന്ന കുട്ടികളെ അയാളുടെ സജലങ്ങളായ കണ്ണുകള്‍ പിന്തുടര്‍ന്നു.
പിറ്റേന്ന് കുട്ടികള്‍ വന്നു കയറുമ്പോള്‍, മാത്തുവും സൂസന്നയും ട്രേയില്‍ ചക്കരമാമ്പഴം പൂളി നിറക്കുകയായിരുന്നു. വലിയ വീടിനുള്ളിലെ അലങ്കാരങ്ങളില്‍ തൊട്ടു തലോടി അവര്‍ അത്ഭുതം കൂറി. ഭിത്തിയില്‍ തൂക്കിയ ബ്‌ളാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളില്‍ മാത്തുവിനേയും സൂസന്നയേയും അവരുടെ ഇടയില്‍ നില്‍ക്കുന്ന മക്കളെയും കണ്ട് അവരുടെ ചെറുപ്പം കുട്ടികള്‍ തിരിച്ചറിഞ്ഞു. അവര്‍ക്കിടയിലെ അപരിചിതത്വത്തിന്റെ പാളി അടര്‍ന്നു പോയിരുന്നു.
'ബാക്കി കഥ കേള്‍ക്കേണ്ടേ?, മാത്തു കുട്ടികളെ വിളിച്ചു. അവര്‍ വേഗം അയാളുടെ ചുററും ചേര്‍ന്നിരുന്നു.
'കൈയില്‍ സ്വത്തു ഭാഗം കിട്ടിയപ്പോള്‍, കുറച്ച് കൃഷി സ്ഥലം വാങ്ങി. വേനലിലെ വര്‍ള്‍ച്ചയും മഴക്കാലത്തെ ദുരിതപെയ്ത്തും കൃഷി നഷ്ടത്തിലാക്കാന്‍ തുടങ്ങി. അപ്പോളാണ് ഞാന്‍ പഠിച്ചെടുത്ത വിദ്യ പരീക്ഷിക്കാന്‍ തുടങ്ങിയത്. പുതിയ ഇനം യന്ത്രങ്ങള്‍ വാങ്ങി. ഞാന്‍ തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. ഓഫീസുകളില്‍ കയറിയിറങ്ങി, കാലു നാട്ടി, ലൈന്‍ വലിച്ച് കറന്റ് വരുത്തിച്ചു. വലിയ ഇലക്ട്രിക് പമ്പുകള്‍ വാങ്ങി, വേനലില്‍ മുഴുവന്‍ പാടം നനച്ചു. മഴക്കാലത്ത് വെള്ളം പമ്പ് ചെയ്തു വറ്റിച്ചു. ട്രാക്ടര്‍ ഇറക്കി പാടം ഉഴുതു മറിച്ചു. നല്ല വിത്തു നോക്കി വാങ്ങി വിതച്ചു. കൃഷി ലാഭമാക്കി, നൂറു മേനി കൊയ്തു. ശരിക്കും ഞാന്‍ അധ്വാനിച്ചു. അങ്ങന്യാ ഈ വീട് വെച്ചത്. നിങ്ങള് വീടിന്റെ പേര് കണ്ടില്ലെ? അതാ ഞാന്‍ പറഞ്ഞ സ്വപ്നം'.
'നിങ്ങള്‍ ഓര്‍ക്കണം, ചില നീക്കുപ്പോക്കുകളില്ലാത്ത ജീവിതമില്ല കുഞ്ഞുങ്ങളെ, മനുഷ്യരല്ലെ, നീക്കുപ്പോക്കുകളുടെ തമ്പുരാന്മാര്‍.' കുട്ടികള്‍ ആരാധനയോടെ അവരുടെ മുന്നില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയ മനുഷ്യനെ നോക്കി.
'കൊച്ചച്ചനോട് നിങ്ങള്‍ എന്തു പറയും?, മാത്തു അപ്പൂപ്പന്‍ ചോദ്യമെടുത്തിട്ടു.
'നഷ്ടസ്വപ്നങ്ങള്‍, അതു പൊട്ടിയ മൊട്ട... നെവര്‍ മൈന്‍ഡ്, കൊട്ടയില്‍ ഇനിയുമുണ്ടല്ലോ സ്വപ്നമൊട്ട', അവര്‍ താളത്തില്‍ പാടി ആര്‍ത്തു ചിരിച്ചു.
'മൊട്ടയല്ലടാ... മുട്ട.'
അയാള്‍ അവരുടെ ചിരിയുടെ അലയില്‍ മുങ്ങിയുലഞ്ഞു, ബാക്കിയായ ദിവസത്തിന്റെ മധുരമുള്ള ആലസ്യത്തിലേക്ക് ചാഞ്ഞു.
നഷ്ടസ്വപ്നങ്ങള്‍ ഇല്ലാത്തവരില്ല, പക്ഷെ അതിനെ അതിജീവിച്ച് കൂടുതല്‍ ഉയരങ്ങളിലേക്ക് ചിറകു വെച്ചു പറക്കുന്നതാണ് ജീവിതവിജയം.